സ്‌കൂളുകളില്‍ ഇനി വിദ്യാര്‍ത്ഥിനികളെ മുടി പിന്നിയിടാന്‍ നിര്‍ബന്ധിക്കരുത്; ആശ്വാസ ഉത്തരവുമായി സര്‍ക്കാര്‍

പുതിയ അധ്യായനവര്‍ഷം മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആശ്വാസകമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
സ്‌കൂളുകളില്‍ ഇനി വിദ്യാര്‍ത്ഥിനികളെ മുടി പിന്നിയിടാന്‍ നിര്‍ബന്ധിക്കരുത്; ആശ്വാസ ഉത്തരവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പുതിയ അധ്യായനവര്‍ഷം മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പല സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ചുകെട്ടണമെന്ന് അധ്യാപക-അനധ്യാപക ജീവനക്കാര്‍ നിര്‍ബന്ധിക്കുന്നത് തടഞ്ഞുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സ്‌കൂള്‍ അച്ചടക്കത്തിന്റെ ഭാഗമായി മുടി ഒതുക്കിക്കെട്ടാന്‍ കുട്ടികളോട് ആവശ്യപ്പെടാമെങ്കിലും മാനസികമായും ആരോഗ്യപരമായും ദോഷകരമായി ബാധിക്കുന്ന രീതിയില്‍ നിര്‍ബന്ധിക്കരുതെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചു.

രാവിലെ കുളിച്ചശേഷം ഉണങ്ങാതെ മുടി രണ്ടായി വേര്‍തിരിച്ചു പിരിച്ചുകെട്ടിയാല്‍ മുടിയില്‍ ദുര്‍ഗന്ധം ഉണ്ടാകും. മുടിയുടെ വളര്‍ച്ചയെയും നിലനില്‍പിനെയും പ്രതികൂലമായി ബാധിക്കും. പല പെണ്‍കുട്ടികളും രാവിലെ കുളിക്കാതെ സ്‌കൂളില്‍ വരാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. പ്രഭാത കൃത്യങ്ങള്‍ക്കും പഠനത്തിനുമിടയില്‍ മുടി വേര്‍തിരിച്ചു രണ്ടായി പിരിച്ചുകെട്ടാന്‍ സമയവും പരസഹായവും കണ്ടെത്തുക ബുദ്ധിമുട്ടാണെന്നു ബാലാവകാശ കമ്മീഷന്‍ നിരീക്ഷിച്ചിട്ടുണ്ട്. 

നീളം കുറഞ്ഞതും കനം കുറഞ്ഞതുമായ മുടിയുള്ളവര്‍ക്കു മുടി രണ്ടായി പകുത്തു കെട്ടുന്നത് അനാകര്‍ഷകമാണ്. പെണ്‍കുട്ടികള്‍ ആയതിനാലാണു ദുരിതം അനുഭവിക്കുന്നതെന്നും ആണ്‍കുട്ടികള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്ലെന്നുമുള്ള ഹര്‍ജിക്കാരിയുടെ വാദം പരിഗണിച്ചു വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ബാലാവകാശ കമ്മീഷനാണു നിര്‍ദേശിച്ചതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com