എസ്‌ഐയെ കോടതിമുറിയില്‍ ജഡ്ജിയുടെ മുന്നിലിട്ട് അഭിഭാഷകര്‍ തല്ലിച്ചതച്ചു

എസ്‌ഐയെ കോടതിമുറിയില്‍ ജഡ്ജിയുടെ മുന്നിലിട്ട് അഭിഭാഷകര്‍ തല്ലിച്ചതച്ചു
എസ്‌ഐയെ കോടതിമുറിയില്‍ ജഡ്ജിയുടെ മുന്നിലിട്ട് അഭിഭാഷകര്‍ തല്ലിച്ചതച്ചു

തിരുവനന്തപുരം: കോടതിക്കുള്ളില്‍ ജില്ലാ ജഡ്ജിയുടെ മുന്നിലിട്ട് എസ്‌ഐയെ അഭിഭാഷകര്‍ വളഞ്ഞിട്ടു തല്ലിയതായി പരാതി. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ സാക്ഷിവിസ്താരത്തിന് എത്തിയ വിഴിഞ്ഞം പോര്‍ട്ട് സ്‌റ്റേഷനിലെ എസ്‌ഐ അശോക് കുമാറിനാണ് മര്‍ദനമേറ്റത്. അന്‍പതോളം അഭിഭാഷകര്‍ ചേര്‍ന്നാണ് എസ്‌ഐയെ മര്‍ദിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജില്ലാ ജഡജിയുടെ മുന്നിലിട്ടാണ് തന്നെ മര്‍ദ്ദിച്ചതെന്ന് എസ്‌ഐ പറഞ്ഞു. എസ് ഐയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അമ്പതോളം അഭിഭാഷകര്‍ക്കെതിരേ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. സിറ്റി പൊലീസ് കമ്മിഷണര്‍ പി.പ്രകാശ് ആശുപത്രിയിലെത്തി എസ്‌ഐയില്‍ നിന്ന് വിവരം ശേഖരിച്ചു. 

എസ്‌ഐയുടെ ശരീരത്തില്‍ ക്ഷതമേറ്റിട്ടുണ്ടെന്ന് വഞ്ചിയൂര്‍ എസ്എച്ച്ഒ സുരേഷ് വി നായര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് എസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വഞ്ചിയൂര്‍ ബാറിലെ അഭിഭാഷകനായ വെള്ളൈക്കടവ് സ്വദേശി മുരളീധരനും സുഹൃത്തുക്കളായ മണികണ്ഠന്‍, ബാബുരാജ് എന്നിവര്‍ക്കും എതിരേ പൊതുസ്ഥലത്ത് മദ്യപിച്ചതിന് കഴിഞ്ഞ മാര്‍ച്ചില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തിരുന്നു. അന്ന് ഫോര്‍ട്ട് സറ്റേഷനിലായിരുന്ന എസ്‌ഐ അശോക് കുമാറാണ് ഇവരെ രാത്രി കിഴക്കേക്കോട്ടയില്‍ നിന്ന് പിടികൂടി കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു. 

അശോക് കുമാര്‍ മറ്റൊരു കേസില്‍ കോടതിയില്‍ എത്തിയപ്പോള്‍ അഭിഭാഷകര്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എസ്‌ഐയെ തിരിച്ചറിഞ്ഞ അഭിഭാഷകര്‍ ഗേറ്റ് മുതല്‍ പിന്തുടരുകയായിരുന്നു. ഇവര്‍ ആക്രമിക്കുമെന്നായപ്പോള്‍ എസ്‌ഐ ജില്ലാ കോടതിയിലെ പ്ലീഡറോട് വിവരം പറഞ്ഞു. അദ്ദേഹം ജില്ലാ ജഡജിയെ അറിയിച്ചു. തുടര്‍ന്ന് എസ്‌ഐയെ സുരക്ഷിതമായി കോടതിക്ക് പുറത്തെത്തിക്കാന്‍ ജില്ലാ ജഡ്ജി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ രണ്ടാംനിലയിലെ കോടതിയില്‍ നിന്ന് താഴേക്കിറങ്ങുമ്പോള്‍ അഭിഭാഷകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് അശോക് കുമാര്‍ പറയുന്നത്.  

എന്നാല്‍ എസ്‌ഐയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ പറയുന്നു. ആക്രമിക്കപ്പെടുമെന്ന സംശയത്തില്‍ ജില്ലാ കോടതിയില്‍ അഭയം തേടിയ എസ്‌ഐയെ ഗവണ്‍മെന്റ് പ്ലീഡറുടെ നേതൃത്വത്തില്‍ പുറത്തെത്തിക്കുകയായിരുന്നു. ജൂനിയര്‍ അഭിഭാഷകര്‍ പ്രകോപിതരായിരുന്നതിനാല്‍ മുതിര്‍ന്ന അഭിഭാഷകര്‍ ചുറ്റും നിന്ന് സംരക്ഷണം നല്‍കുകയും ചെയതെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com