കേരളത്തില്‍ ഇന്ന് മുതല്‍ ശക്തമായ കാറ്റും മഴയും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

29 ന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (എടവപ്പാതി) കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
കേരളത്തില്‍ ഇന്ന് മുതല്‍ ശക്തമായ കാറ്റും മഴയും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം; ഇന്ന് മുതല്‍ സംസ്ഥാനത്ത് കാറ്റും മഴയും ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാവാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാലാവസ്ഥ ഈ മാസം 29 വരെ തുടരുമെന്നും വ്യക്തമാക്കി. കാറ്റിന്റെ വേഗത മണിക്കൂറില്‍ 3545 കിലോമീറ്ററായിരിക്കുമെന്നും അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും മുന്നറിയിപ്പു നല്‍കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. 29 ന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (എടവപ്പാതി) കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെവന്നാല്‍ പിന്നീട് കേരളത്തില്‍ മഴക്കാലമായിരിക്കും. 

കന്യാകുമാരിയുടെ തെക്കുഭാഗത്തും ശ്രീലങ്കാ തീരത്തിനടുത്തും രണ്ട് അന്തരീക്ഷച്ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ അന്തരീക്ഷച്ചുഴികളുടെ സ്വാധീനമാണ് കേരളത്തില്‍ മഴയും കാറ്റും ശക്തമാകാന്‍ കാരണം.

അന്തരീക്ഷത്തിന്റെ ഉയര്‍ന്നതലത്തില്‍ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷച്ചുഴി. ഇത് താഴ്ന്ന് സമുദ്രോപരിതലത്തിനടുത്ത് എത്തുമ്പോഴാണ് ന്യൂനമര്‍ദമായി മാറുന്നത്. ന്യൂനമര്‍ദം ശക്തിയാര്‍ജിച്ചാല്‍ ചുഴലിക്കാറ്റായും മാറും. എന്നാല്‍, എല്ലാ അന്തരീക്ഷച്ചുഴികളും ന്യൂനമര്‍ദമാകണമെന്നില്ല.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 23ന് അന്തമാന്‍ ദ്വീപസമൂഹത്തില്‍ എത്തുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്. തുടര്‍ന്ന് 29ന് കേരളത്തില്‍ എത്തുമെന്നും. എന്നാല്‍, അന്തമാനില്‍ കാലവര്‍ഷത്തിന്റെ വരവ് വൈകിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം അവിടെയെത്താനുള്ള അനുകൂല സാഹചര്യമുണ്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

കാലവര്‍ഷം ആന്‍ഡമാനില്‍ എത്താന്‍ വൈകിയാലും കേരളത്തിലെ മഴക്കാലം വൈകണമെന്നില്ല. കാലവര്‍ഷം പെട്ടെന്ന് വ്യാപിച്ചേക്കാം. അതിനാല്‍ കേരളത്തില്‍ കാലവര്‍ഷം വൈകില്ലെന്ന പ്രതീക്ഷയാണിപ്പോള്‍. കാലാവസ്ഥാമാറ്റം ഇതിന് അനുകൂലമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com