വവ്വാലുകളുടെ ഫലം വൈകും; നിപ്പാ സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക് മാത്രം; ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധ നിയന്ത്രണവിധേയം - വ്യാപകമായി രോഗം പടരുന്നില്ലെന്ന് ഉറപ്പാക്കാനായി - സംസ്ഥാനം സ്വീകരിച്ച നടപടികളെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു  
വവ്വാലുകളുടെ ഫലം വൈകും; നിപ്പാ സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക് മാത്രം; ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വ്യാപകമായി രോഗം പടരുന്നില്ലെന്ന് ഉറപ്പാക്കാനായിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈറസ് ബാധ തടയാന്‍ സംസ്ഥാനം സ്വീകരിച്ച നടപടികളെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചതായി മന്ത്രി അറിയിച്ചു.

പന്ത്രണ്ട് പേരാണ് സംസ്ഥാനത്ത് നിപ്പാ വൈറസ് രോഗം ബാധിച്ച് മരിച്ചത്. നേരത്തെ മരിച്ച ചങ്ങരോത്തെ സാബിത്തിനെ രോഗം സ്ഥിരീകരിക്കാനായില്ലെങ്കിലും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി പരിശോധനയക്ക് അയച്ച 22 സാമ്പിളുകളില്‍ 21 പേര്‍ക്കും രോഗ ബാധയില്ലെന്ന് വ്യക്തമായി. ഇപ്പോള്‍ ചികിത്സയിലുള്ള മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധയുടെ ഉറവിടം എവിടെയാണെന്ന് സംബ്ന്ധിച്ച പരിശോധനകള്‍ തുടരുകയാണ്. ആദ്യം രോഗമുണ്ടായ സാബിത്ത് വിദേശത്തുനിന്ന് വന്നയാളാണ്. സാബിത്തിന്റെ സഞ്ചാര പശ്ചാത്തലം പരിശോധിക്കുമെന്നും സര്‍വകക്ഷിയോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. 

ഓസ്‌ട്രേലിയയില്‍ നിന്ന് ഫലപ്രദമായ മരുന്ന് എത്തിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. 50 ഡോസ് മരുന്ന് സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. രോഗികളെ ശുശ്രൂഷിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കും. നവമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം അനുവദിക്കാനാവില്ല. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.

അതേസമയം വൈറസ് ബാധയുടെ ഉറവിടം എന്നുകരുതുന്ന വവ്വാലുകളുടെ സാമ്പിള്‍ പരിശോധനാ ഫലം ഇന്നും ലഭിക്കാനിടയില്ല. ഒന്നോ രണ്ടോ ദിവസം വൈകുമെന്നാണ് സൂചനകള്‍.ഐസിയുഎംആറിലെ വിദഗ്ധര്‍ വവ്വാലുകളെ വീണ്ടും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com