അവന്‍ സ്‌കൂളിനെ തോല്‍പ്പിച്ചു; സഹപാഠിയെ കെട്ടിപ്പിടിച്ചതിന് പുറത്താക്കിയ വിദ്യാര്‍ത്ഥിക്ക് സിബിഎസ്ഇ പരീക്ഷയില്‍ മികച്ച വിജയം 

സഹപാഠിയായ പെണ്‍കുട്ടിയെ ആലിംഗനം ചെയ്തതിന്റെ പേരില്‍ തിരുവനന്തപുരം സെന്റ് തോമസ് പബ്ലിക് സ്‌കൂളില്‍ നിന്ന് പുറത്താക്കിയപന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സിബിഎസ്ഇ പരീക്ഷയില്‍ മികച്ച വിജയം
അവന്‍ സ്‌കൂളിനെ തോല്‍പ്പിച്ചു; സഹപാഠിയെ കെട്ടിപ്പിടിച്ചതിന് പുറത്താക്കിയ വിദ്യാര്‍ത്ഥിക്ക് സിബിഎസ്ഇ പരീക്ഷയില്‍ മികച്ച വിജയം 

തിരുവനന്തപുരം: സഹപാഠിയായ പെണ്‍കുട്ടിയെ ആലിംഗനം ചെയ്തതിന്റെ പേരില്‍ തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയപന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സിബിഎസ്ഇ പരീക്ഷയില്‍ മികച്ച വിജയം. 91.2 ശതമാനം മാര്‍ക്ക് വാങ്ങിയാണ് കുട്ടി പാസായിരിക്കുന്നത്. നാല് വിഷയങ്ങളില്‍ എ വണ്‍ ഗ്രേഡും നാല് വിഷങ്ങളില്‍ എ ടു ഗ്രേഡുമാണ് ഈ മിടുക്കന് ലഭിച്ചിരിക്കുന്നത്. 

അഞ്ചു മാസത്തോളം വീട്ടിലിരുന്ന് പഠിച്ചാണ് വിദ്യാര്‍ത്ഥി തിളക്കമാര്‍ന്ന വിജയം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് കുട്ടികളെ പുറത്താക്കിയത്.  പാശ്ചാത്യ സംഗീത മത്സരത്തില്‍ വിജയിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്ലസ് ടു വിദ്യാര്‍ത്ഥി പരസ്യമായി ആലിംഗനം ചെയ്തതാണ് സ്‌കൂള്‍ അധികൃതരെ പ്രകോപിപ്പിച്ചത്. വേറുമൊരു സൗഹൃദ പ്രകടനമാണെന്ന വിദ്യാര്‍ത്ഥികളുടെ വാദം അംഗീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കുകയായിരുന്നു. 

കുട്ടികളെ തിരികെ പ്രവേശിപ്പിക്കണമെന്ന ബാലാവകാശ കമ്മിഷന്റെ വിധിയെ സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.  കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് സ്‌കൂളിന് അനുകൂലമായി നിലപാടെടുക്കുകയാരുന്നു. കുട്ടികളെ മറ്റ് സ്‌കൂളുകളില്‍ പ്രവേശനം നേടുന്നത് തടയുന്ന തരത്തിലും സ്‌കൂള്‍ അധികൃതര്‍ പ്രചാരണം നടത്തിയിരുന്നു. സ്‌കൂള്‍ അധികൃതരുടെ പ്രവര്‍ത്തികള്‍ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. 

പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്താന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.തിരുവനന്തപുരം എംപി ശശി തരൂരിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്താന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായത്. 

അഞ്ചുമാസത്തോളം വീട്ടിലിരുന്നാണ് അവന്‍ പഠിച്ചത്.സ്‌കൂള്‍ അധികൃതരുടെ പിഡനത്തില്‍ അവന്‍ തകര്‍ന്നുപോയിരുന്നു. അവിടെനിന്നാണ് എന്റെ കുട്ടി വിജയിച്ചു കയറിയത്. സന്തോഷമുണ്ട്, ഒപ്പം കൂടെനിന്ന എല്ലാവരോടും നന്ദിയും സ്‌നേഹവും-കുട്ടിയുടെ പിതാവ് സമകാലിക മലയാളത്തോട് പറഞ്ഞു. 

നിയമപഠനം നടത്താനാണ് കുട്ടിക്ക് താത്പര്യം. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു, ഈ സന്തോഷ വാര്‍ത്ത അവനൊപ്പം ദുരിതം അനുഭവിച്ച പെണ്‍കുട്ടിക്കും സന്തോഷം പകരുന്നതായിരിക്കും-അദ്ദേഹം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com