മന്ത്രി മണിയുടെ കാറിന്റെ ചക്രം നട്ട് ഊരിയ നിലയില്‍; പൊലീസ് അന്വേഷണം തുടങ്ങി

മന്ത്രി എം എം മണി സഞ്ചരിച്ചിരുന്ന കാറിന്റെ ചക്രം നട്ട് ഊരിയനിലയില്‍ കണ്ടെത്തി
മന്ത്രി മണിയുടെ കാറിന്റെ ചക്രം നട്ട് ഊരിയ നിലയില്‍; പൊലീസ് അന്വേഷണം തുടങ്ങി

ഇടുക്കി: മന്ത്രി എം എം മണി സഞ്ചരിച്ചിരുന്ന കാറിന്റെ ചക്രം നട്ട് ഊരിയനിലയില്‍ കണ്ടെത്തി. ഇതുസംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ശനിയാഴ്ചയാണ് സംഭവം. കുമളി-മൂന്നാര്‍ സംസ്ഥാനപാതയിലെ കല്‍കൂന്തലില്‍ യാത്രയ്ക്കിടെ എം എം മണി സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നിമാറിയിരുന്നു. എസ്‌കോര്‍ട്ടിനെത്തിയ പൊലീസും മന്ത്രിക്കൊപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിന്റെ പിന്നിലെ ചക്രത്തിന്റെ നട്ടുകളിലൊന്ന് ഊരിപ്പോയനിലയിലും മറ്റൊന്ന് പകുതി ഊരിയ നിലയിലും കണ്ടെത്തിയത്.

സംഭവം നടന്നയുടന്‍ ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.അട്ടിമറി  സാധ്യത അടക്കം പൊലീസ് പരിശോധിച്ചുവരുകയാണ്.

പീരുമേട്, ഉപ്പുതറ, കട്ടപ്പന, രാജകുമാരി എന്നിവിടങ്ങളില്‍ ശനിയാഴ്ച മന്ത്രിക്ക് വിവിധ പരിപാടികള്‍ ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ശേഷം മടങ്ങവെയാണ് കാര്‍ റോഡില്‍ നിന്നും തെന്നിമാറിയത്. നാലുദിവസം മുന്‍പ് മന്ത്രിയുടെ വാഹനം വര്‍ക് ഷോപ്പില്‍ പരിശോധന നടത്തിയിരുന്നു. അപ്പോള്‍ വാഹനത്തിന് തകരാറൊന്നും കണ്ടെത്തിയിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com