നിപ്പാ വൈറസ് കോഴിയിലൂടെ പകരുമെന്ന വ്യാജ പ്രചാരണം; യുവാവിനെതിരെ കേസെടുത്തു

നിപ്പാ വൈറസ് ബ്രോയിലര്‍ കോഴികളിലൂടെയാണ് പടരുന്നത് എന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് യുവാവിനെതിരെ കേസെടുത്തു
നിപ്പാ വൈറസ് കോഴിയിലൂടെ പകരുമെന്ന വ്യാജ പ്രചാരണം; യുവാവിനെതിരെ കേസെടുത്തു

കണ്ണൂര്‍: നിപ്പാ വൈറസ് ബ്രോയിലര്‍ കോഴികളിലൂടെയാണ് പടരുന്നത് എന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് യുവാവിനെതിരെ കേസെടുത്തു. 
മൂവാറ്റുപുഴ സ്വദേശി പി.എം. സുനില്‍കുമാറിനെതിരെ (28) ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്ന് ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കോടേരി പറഞ്ഞു.

വവ്വാലുകളില്‍ വൈറസ് കണ്ടെത്താനായില്ലെന്നും എന്നാല്‍ കോഴിക്കോട് നിന്നും എത്തിച്ച ബ്രോയിലര്‍ കോഴികളില്‍ കണ്ടെത്തിയെന്നും പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഡോ.ആനന്ദ് ബസു അറിയിച്ചതായുള്ള വാട്‌സാപ്പ് സന്ദേശമാണ് പ്രചരിപ്പിച്ചത്. കൂടുതല്‍ പഠനം തുടരുകയാണെന്നും ഇറച്ചിക്കോഴികളുടെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും പറയുന്ന സന്ദേശം, 'ഷെയര്‍ ചെയ്യൂ ജീവന്‍ രക്ഷിക്കൂ' എന്ന ആഹ്വാനത്തോടെയാണ് അവസാനിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശം പോസ്റ്റ് ചെയ്ത മൊബൈല്‍ നമ്പറാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.

ഈ സന്ദേശത്തിനു പുറമെ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഔദ്യോഗിക ലെറ്റര്‍പാഡില്‍ നല്‍കിയ പത്രക്കുറിപ്പെന്ന വ്യാജേന മറ്റൊരു സന്ദേശവും പ്രചരിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍നിന്നുവരുന്ന 60 ശതമാനം കോഴികളിലും നിപ്പാ വൈറസ് ഉള്ളതായി ലാബ് പരീക്ഷണത്തിലൂടെ തെളിഞ്ഞുവെന്നും ഇനിയൊരു അറിയുപ്പുണ്ടാകുന്നതുവരെ കോഴി കഴിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നുവെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.

27-05-2018 എന്ന തീയതിയും പച്ചമഷിയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ വ്യാജ ഒപ്പും സീലും രേഖപ്പെടുത്തിയിട്ടുണ്ട്.  സീലില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുദ്രയ്ക്കു പകരം കേന്ദ്രസര്‍ക്കാരിന്റെ മുദ്രയാണുള്ളത്.  ഫോണ്‍നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല.

വാട്‌സാപ്പില്‍ എത്തിയ സന്ദേശം ശരിയാണെന്നു തെറ്റിദ്ധരിച്ച പലരും വ്യാപകമായി പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെ കോഴിവ്യാപാരികള്‍ ആശങ്കയിലായി.  സംശയം തോന്നിയവര്‍ സ്ഥിരീകരണംതേടി മാധ്യമ ഓഫിസുകളിലേക്കു വിളിയും തുടങ്ങി.  ഈ സന്ദേശം ശ്രദ്ധയില്‍പ്പെട്ട മന്ത്രി കെ.കെ. ശൈലജതന്നെ ഇത് തെറ്റാണെന്നു വിശദീകരിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്.

വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് അതീവഗുരുതരമായ കുറ്റകൃത്യമായാണ് ആരോഗ്യവകുപ്പ് കാണുന്നതെന്നും സൈബര്‍സെല്ലിന്റെയും പൊലീസിന്റെയും സഹകരണത്തോടെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com