നീനുവിന്റെ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; മാതാപിതാക്കളെ പ്രതി ചേര്‍ക്കും

പ്രണയവിവാഹത്തിന്റെ പേരില്‍ കെവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
നീനുവിന്റെ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; മാതാപിതാക്കളെ പ്രതി ചേര്‍ക്കും

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കെവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. കെവിനെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോ നാഗര്‍കോവിലില്‍ ഒളിവില്‍ കഴിയുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ പത്തനാംപുരം വഴി പേരൂര്‍ക്കടയിലെ ഭാര്യ വീട്ടില്‍ ഷാനു എത്തിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു.എന്നാല്‍ പൊലീസ് എത്തുന്നതിന് മുന്‍പ് ഷാനു അവിടെ നിന്നും കടന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ നീനുവിന്റെ മാതാപിതാക്കളായ ചാക്കോയും രഹനയും ഒളിവിലാണ്. പ്രണയവിവാഹത്തിന്റെ പേരില്‍ മകളുടെ ഭര്‍ത്താവിനെ തട്ടികൊണ്ടുപോയതില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാതലത്തിലാണ് ഇവര്‍ ഒളിവില്‍ പോയത്. വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയതില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.അതേസമയം പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാതാപിതാക്കളെയും പ്രതിചേര്‍ക്കും.

പിതാവ് ചാക്കോയും അമ്മ രഹനയും അറിഞ്ഞായിരുന്നു ഇതിനായി നീക്കങ്ങള്‍ നടത്തിയതെന്ന് കേസില്‍ പിടിയിലായ നിയാസിന്റെ ഉമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വണ്ടി വാടകയ്‌ക്കെടുക്കാന്‍ നിയാസിനോട് ഇരുവരും ആവശ്യപ്പെട്ടിരുന്നെന്നും നിയാസ് മടിച്ചപ്പോള്‍ ചാക്കോയും രഹനയും നിര്‍ബന്ധിച്ചെന്നും നിയാസിന്റെ ഉമ്മ ലൈല ബീവി മാധ്യമങ്ങളോട് പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ വാഹനം ഓടിച്ചിരുന്ന നിയാസ് ഡിവൈഎഫ്‌ഐ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്.

അതേസമയം കേസില്‍ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതികള്‍ വിദേശത്തേക്ക് കടക്കുന്നതു തടയുകയാണ് ലക്ഷ്യം. തെന്മല സ്വദേശി നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ 10 പേരാണ് കേസില്‍ പ്രതികളായുളളത്. മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്. കെവിന്റേത് ദുരഭിമാനക്കൊലയായി വിലയിരുത്തിയ ദേശീയ ന്യനപക്ഷ കമ്മീഷന്‍ ഡിജിപി ലോക്‌നാഥ് ബൈഹ്‌റയോട് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com