കുമ്മനത്തിന്റെ പിന്‍ഗാമി ആര്?; രാംലാല്‍ കേരളത്തിലേക്ക്

ബി.ജെ.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരനെ മാറ്റുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ഘടകത്തിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെടുന്നു
കുമ്മനത്തിന്റെ പിന്‍ഗാമി ആര്?; രാംലാല്‍ കേരളത്തിലേക്ക്

കൊച്ചി : ബി.ജെ.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരനെ മാറ്റുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ഘടകത്തിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെടുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ ബി.ജെ.പി. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും ആര്‍.എസ്.എസ്. മുതിര്‍ന്ന പ്രചാരകുമായ രാംലാല്‍ ഉടനെ സംസ്ഥാനത്ത് എത്തും. പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സംസ്ഥാനത്തെ ആര്‍.എസ്.എസ്. നേതൃത്വവുമായി രാംലാല്‍ ചര്‍ച്ച നടത്തും.

പുതിയ അധ്യക്ഷന്‍ ആരാകണമെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം രാംലാല്‍ തേടും. കുമ്മനം രാജശേഖരനെ അധ്യക്ഷസ്ഥാനത്ത് നിന്ന് പെട്ടെന്ന് മാറ്റുന്നതില്‍ സംസ്ഥാനത്തെ ആര്‍.എസ്.എസ്. നേതൃത്വത്തിനുള്ള അതൃപ്തിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് രാംലാലിനെ ഇങ്ങോട്ട് അയക്കുന്നത്. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വാശിയേറിയ മത്സരം കാഴ്ചവെയ്ക്കുമ്പോള്‍, അതിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന സംസ്ഥാന അധ്യക്ഷനെ ചര്‍ച്ചപോലും ചെയ്യാതെ മാറ്റിയത് സംസ്ഥാനത്തെ ആര്‍.എസ്.എസ്. നേതൃത്വത്തെ ചൊടിപ്പിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ അതൃപ്തി അറിയിച്ചിട്ടാണ്, കേന്ദ്രതീരുമാനം എന്ന നിലയില്‍ മിസോറം ഗവര്‍ണര്‍സ്ഥാനം കുമ്മനം രാജശേഖരന്‍ ഏറ്റെടുക്കുന്നത്. അദ്ദേഹം വൈകാതെ രാജിവെച്ചേയ്ക്കുമെന്നും നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ സംസ്ഥാനത്തെ സംഘം നേതാക്കളോട് കേന്ദ്രം നിര്‍ദേശം നല്‍കും.

പുതിയ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സംസ്ഥാനത്തു നിന്ന് ഉയര്‍ന്നു വന്നിട്ടുള്ളതില്‍ ആദ്യ പേര് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റേതാണ്. എന്നാല്‍ സംസ്ഥാനത്തെ സംഘം നേതൃത്വത്തിനും കുമ്മനം രാജശേഖരനെ അനുകൂലിക്കുന്നവര്‍ക്കും ഇതില്‍ കടുത്ത എതിര്‍പ്പാണുള്ളത്. ഇക്കാര്യവും രാംലാലിന്റെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാവും. മറുവിഭാഗം എം.ടി. രമേശിനെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിട്ടുള്ളത്. ഇരു ഗ്രൂപ്പുകളും ശക്തമായി നിലനില്‍ക്കുന്നതിനാല്‍, സമവായം എന്ന നിലയില്‍ പുറമെ നിന്ന് മറ്റൊരാളെ കൊണ്ടുവരുന്നതും ചര്‍ച്ചയാവും. സംഘത്തിന്റെ ഉയര്‍ന്നസ്ഥാനങ്ങള്‍ വഹിക്കുന്ന മലയാളികളായ മൂന്നു പേരുടെ പേരുകളാണ് ഇതിനായി കരുതിവെച്ചിരിക്കുന്നത്.

കെ. സുരേന്ദ്രന്റെ കാര്യത്തില്‍ സംസ്ഥാനത്തെ സംഘം നേതൃത്വവുമായി സമവായത്തില്‍ എത്താന്‍ കഴിഞ്ഞാല്‍, അതുതന്നെയായിരിക്കും മുഖ്യതീരുമാനമായി വരിക. സംസ്ഥാനത്ത് സി.പി.എമ്മുമായി ഏറ്റുമുട്ടി നില്‍ക്കാന്‍ കഴിയുന്ന ചെറുപ്പക്കാരന്‍ എന്ന പരിഗണനയാണ് ആര്‍.എസ്.എസ്. കേന്ദ്ര നേതൃത്വം സുരേന്ദ്രന് നല്‍കുന്നത്. എന്നാല്‍, സംസ്ഥാനത്തു നിന്നുതന്നെയുള്ള ശക്തമായ എതിര്‍പ്പാണ് സംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സമവായത്തിലെത്താനുള്ള ദൗത്യവുമായാണ് രാംലാല്‍ വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com