പ്രണയവിവാഹ കൊല: കെവിനെ തട്ടിക്കൊണ്ടുപോയതില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്ക്

വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയതില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് പൊലീസ്
പ്രണയവിവാഹ കൊല: കെവിനെ തട്ടിക്കൊണ്ടുപോയതില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്ക്

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ നവവരനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്ക്.വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയതില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പിതാവ് ചാക്കോയും അമ്മ രഹനയും അറിഞ്ഞായിരുന്നു ഇതിനായി നീക്കങ്ങള്‍ നടത്തിയതെന്ന് കേസില്‍ പിടിയിലായ നിയാസിന്റെ ഉമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി.കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വണ്ടി വാടകയ്‌ക്കെടുക്കാന്‍ നിയാസിനോട് ഇരുവരും ആവശ്യപ്പെട്ടു. നിയാസ് മടിച്ചപ്പോള്‍ ചാക്കോയും രഹനയും നിര്‍ബന്ധിച്ചെന്നും നിയാസിന്റെ ഉമ്മ ലൈല ബീവി മാധ്യമങ്ങളോട് പറഞ്ഞു.കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ വാഹനം ഓടിച്ചിരുന്ന നിയാസ് ഡിവൈഎഫ്‌ഐ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്.

അതേസമയം കേസില്‍ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതികള്‍ വിദേശത്തേക്ക് കടക്കുന്നതു തടയുകയാണ് ലക്ഷ്യം. തെന്മല സ്വദേശി നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ 10 പേരാണ് കേസില്‍ പ്രതികളായുളളത്. മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്. കെവിന്റേത് ദുരഭിമാനക്കൊലയായി വിലയിരുത്തിയ ദേശീയ ന്യനപക്ഷ കമ്മീഷന്‍ ഡിജിപി ലോക്‌നാഥ് ബൈഹ്‌റയോട് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിലാണു കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. ആര്‍ഡിഒയുടെയും മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടറുടെയും സാന്നിധ്യത്തില്‍ വേണം പോസ്റ്റ്‌മോര്‍ട്ടം എന്ന് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികളെല്ലാം വിഡിയോയില്‍ പകര്‍ത്തണമെന്നും ആവശ്യമുണ്ട്. മൃതദേഹം ഇന്നുച്ചയ്ക്കു 12 മണിയോടെ നട്ടാശേരിയിലെ കെവിന്റെ വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിനു ശേഷം വൈകിട്ടു മൂന്നിനു നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com