ചെറുതായി ആശ്വസിക്കാം , ഇന്ധനവിലയിൽ നേരിയ കുറവ് 

തുടർച്ചയായ പതിനാറ് ദിവസമായി ഉയർന്നു കൊണ്ടിരുന്ന പെട്രോൾ വിലയിൽ ഇന്ന് നേരിയ കുറവ്
ചെറുതായി ആശ്വസിക്കാം , ഇന്ധനവിലയിൽ നേരിയ കുറവ് 

തിരുവനന്തപുരം: തുടർച്ചയായ പതിനാറ് ദിവസമായി ഉയർന്നു കൊണ്ടിരുന്ന പെട്രോൾ വിലയിൽ ഇന്ന് നേരിയ കുറവ് . പെട്രോളിന് ലിറ്ററിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 82 രൂപയും ഡീസലിന് 74.60 രൂപയുമായി.

 രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുമ്പോഴും ഇന്ധനവില കുറയ്ക്കാത്ത കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് വില നേരിയതോതിൽ കുറഞ്ഞത്. കഴിഞ്ഞ ആഴ്ച ബാരലിന് 80 ഡോളറായിരുന്ന അസംസ്‌കൃത എണ്ണ വില തിങ്കളാഴ്ച 75 ഡോളറായിട്ടാണ് താഴ്ന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ നേരിയ കുറവ് വരുത്താൻ സംസ്ഥാനത്ത് മന്ത്രിസഭായോ​ഗം ഇന്ന് തീരുമാനമെടുക്കാനിരിക്കേയാണ് വില കുറവ് ഉണ്ടായത്.  ഇപ്പോഴുള്ള നികുതി നിരക്ക് അതേപടി നിലനിറുത്തിക്കൊണ്ടു തന്നെ, ലിറ്ററിന് 50 പൈസ മുതൽ ഒരു രൂപ വരെ കുറയ്ക്കും. കേന്ദ്രം വിലകുറയ്ക്കൽ നടപടികൾ കൈക്കൊള്ളുകയാണെങ്കിൽ ആ ഘട്ടത്തിൽ ഈ ഇളവ് പിൻവലിക്കാനും ആലോചനയുണ്ട്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം ഇന്ധന നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. നിലവിൽ പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണ് കേരളം ഈടാക്കുന്ന നികുതി. ഇന്ധന വില വർദ്ധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും വൻ വർദ്ധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാനത്തിന് ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com