ലോഡിറക്കാന്‍ നാലായിരം രൂപ വേണമെന്ന് ചുമട്ടു തൊഴിലാളികള്‍; പൂന്തോട്ട സാമഗ്രികള്‍ ഒറ്റയ്ക്കിറക്കി യുവതിയുടെ മറുപടി 

ലോഡ് കാണുന്നതിനുമുമ്പുതന്നെ 4000രൂപ കൂലി ആവശ്യപ്പെട്ടപ്പോൾ കുറയ്ക്കണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളികൾ ഇതിന് വിസമ്മതിച്ചതോടെയാണ് യുവതി ലോഡ് ഒറ്റയ്ക്കിറക്കാൻ തീരുമാനിച്ചത്
ലോഡിറക്കാന്‍ നാലായിരം രൂപ വേണമെന്ന് ചുമട്ടു തൊഴിലാളികള്‍; പൂന്തോട്ട സാമഗ്രികള്‍ ഒറ്റയ്ക്കിറക്കി യുവതിയുടെ മറുപടി 

തിരുവനന്തപുരം: ഗാർഡനിം​ഗ് ആവശ്യങ്ങൾക്കായി എത്തിച്ച ലോഡിറക്കാൻ ചുമട്ടുതൊഴിലാളികൾ അമിതകൂലി ആവശ്യപ്പെട്ടതായി യുവതി. തുടർന്ന് ചുമട്ടുതൊഴിലാളികളുടെ സേവനം നിഷേധിച്ച് യുവതി ലോഡ് ഒറ്റയ്ക്കിറക്കി. വാഹനത്തിനുള്ളിലെ ലോഡ് കാണുന്നതിനുമുമ്പുതന്നെ 4000രൂപ കൂലി ആവശ്യപ്പെട്ടപ്പോൾ അത് കൂടുതലാണെന്നും കുറയ്ക്കണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളികൾ ഇതിന് വിസമ്മതിച്ചതോടെയാണ് യുവതി ലോഡ് ഒറ്റയ്ക്കിറക്കാൻ തീരുമാനിച്ചത്.  പ്രസവശേഷം വിശ്രമത്തിലായിരുന്ന ടെക്നോപാർക് ജീവനക്കാരി  മീരയാണ് ചുമട്ടുതൊഴിലാളികളുടെ അനീതിയെ നേരിട്ട് സ്വയം ലോഡിറക്കിയത്. കഴക്കൂട്ടം മേനംകുളം കല്‍പനയ്ക്കു സമീപമാണ് സംഭവം. 

കൂലി കുറയ്ക്കണമെന്ന് കേട്ടപാടെ തൊഴിലാളികൾ മീരയോട് പൊട്ടിതെറിക്കുകയായിരുന്നു. പലവട്ടം അഭ്യർഥിച്ചിട്ടും നാലായിരം രൂപയിൽ കുറഞ്ഞ് ഒരു വിലപേശലും വേണ്ടെന്നു തൊഴിലാളികൾ തർക്കികുകയായിരുന്നു. സാധനങ്ങൾ എത്തിച്ച കഴക്കൂട്ടം സ്വദേശി റീമയും മീരയും ചേർന്ന് സാധനങ്ങൾ ഇറക്കാൻ തുടങ്ങിയതും തൊഴിലാളികൾ വീണ്ടും പ്രശ്നമുണ്ടാക്കി. വീട്ടുടമ അല്ലാതെ വേറെ ആരെങ്കിലും ലോഡിൽ തൊട്ടാൽ വിവരമറിയുമെന്നു പറഞ്ഞ് ഇവർ‌ റീമയെ ഭീഷണിപ്പെടുത്തി മാറ്റി നിർത്തി. ഒടുവിൽ കരിങ്കൽ പാളി ഉൾപ്പെടെയുള്ളവ മീര പരസഹായം കൂടാതെ ഇറക്കിവയ്ച്ചു.

ലോഡുമായെത്തിയ വാഹനത്തിന്റെ ഡ്രൈവർ സഹായിക്കാനെത്തിയെങ്കിലും വാഹനം കത്തിക്കുമെന്നും ഭീഷണി മുഴക്കി ഇയാളെ തൊഴിലാളികൾ ഭീഷണിപ്പെടുത്തി. വീട്ടിൽ നടക്കുന്ന സംഭവങ്ങളുടെ വിവരമറിഞ്ഞ് ടെക്നോപാർക്കിൽ നിന്നു ഭർത്താവ് എത്തുമ്പോഴേക്കും മുഴുവൻ സാധനങ്ങളും യുവതി ഇറക്കിയിരുന്നു. തമിഴ്നാട് സ്വദേശികളാണ് ഈ ക്രൂരതയ്ക്ക് ഇരയായ മീരയും ഭർത്താവ് പ്രസാദും. 

സംഭവത്തെകുറിച്ച് അയൽവാസികൾ പൊലീസിനെ വിളിച്ചറിയിച്ചിട്ടും സംഭവസ്ഥലത്തെത്താൻ പൊലീസ് തയ്യാറായില്ല. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളിൽ താമസിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും കേരളത്തിൽ മാത്രമാണ് ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടിവന്നതെന്ന് ഇവർ പറയുന്നു. ന്യായമായ കൂലിയാണ് ചോദിച്ചിരുന്നതെങ്കില്‍ കൊടുക്കാമായിരുന്നെന്നും എന്നാല്‍ ചോദിച്ചത് അന്യായമായ കൂലിയായിരുന്നെന്നും ഇവര്‍ പറഞ്ഞു. 

അഞ്ച് മാസം മുൻപാണ് ഭാര്യ പ്രസവിച്ചതെന്നും വിശ്രമത്തിലാണെന്ന് പറഞ്ഞിട്ടും ഇത് കേൾക്കാൻ കൂട്ടാക്കാതെയാണ് അവർ പ്രശ്നമുണ്ടാക്കികൊണ്ടിരുന്നതെന്നും പ്രസാദ് പറയുന്നു. ഇവിടെ തുടർന്നും ജീവിക്കണം എന്നതുകൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും പ്രസാദ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com