ചെങ്ങന്നൂരില്‍ വീണ്ടും ചെങ്കൊടിയേറ്റം; ചരിത്രമെഴുതി സജി ചെറിയാന്‍; ഭൂരിപക്ഷം ഇരുപതിനായിരത്തിലേറെ

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ചരിത്രവിജയം
ചെങ്ങന്നൂരില്‍ വീണ്ടും ചെങ്കൊടിയേറ്റം; ചരിത്രമെഴുതി സജി ചെറിയാന്‍; ഭൂരിപക്ഷം ഇരുപതിനായിരത്തിലേറെ

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ചരിത്രവിജയം. 20956വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വീണ്ടും ചെങ്ങന്നൂരില്‍ ചെങ്കൊടി ഉര്‍ന്നത്. യുഡിഎഫ് കോട്ടകളായിരുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടെ പതിനൊന്ന് പഞ്ചായത്തുകളും സജി ചെറിയാന്‍ തൂത്തുവാരി. പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 67303 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിന് 46347 വോട്ടുകള്‍ ലഭിച്ചു. മൂന്നാംസ്ഥാനത്ത് പിന്തള്ളപ്പെട്ട എന്‍ഡിഎ സ്ഥാനര്‍ത്ഥി ശ്രീധരന്‍പിള്ളയ്ക്ക് 35270 വോട്ടുകള്‍ ലഭിച്ചു. 

വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ ഒരു സമയത്തും യുഡിഎഫിന് മുന്നിലെത്താന്‍ സാധിച്ചില്ല. ഡി.വിജയകുമാറിന്റെ പഞ്ചായത്തില്‍പ്പോലും ദയനീയ പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. 

കേരള കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തായ തിരുവന്‍വണ്ടൂരിലും എല്‍ഡിഎഫ് ചെങ്കൊടി പാറിച്ചു. ഇവിടെ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപിയ്ക്ക് ആകെ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞത് ഇവിടെയാണ്. ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും യുഡിഎഫിന് കാലിടറി. ശക്തമായ കോണ്‍ഗ്രസ് സ്വാധീന പ്രദേശങ്ങള്‍ അപ്പാടെ എല്‍ഡിഎഫിനൊപ്പം പോയി. 

ആദ്യ മണിക്കൂറുകളില്‍ തന്നെ ജനവിധി അംഗീകരിക്കുന്നതായി ഡി. വിജയകുമാറിന് പറയേണ്ടിവന്നു. യുഡിഎഫിനകത്ത് തന്നെ ശക്തമായ അടിയൊഴുക്കുകളുണ്ടായെന്നും ഇത് പരിശോധിക്കണമെന്നും വിജയകുമാര്‍ പറഞ്ഞു. പ്രതീക്ഷകള്‍ തെറ്റിച്ച വിജയമാണ് ജനങ്ങള്‍ തനിക്ക് തന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു. തന്റെ വിജയം മാത്രമല്ലെന്നും മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ്-ബിജെപി വോട്ടുകളും തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com