'വിവാഹം നടത്താമെന്നു പറഞ്ഞ് ചാക്കോ വര്‍ക്ക്‌ഷോപ്പില്‍ വന്നു, നീനു എവിടെയെന്നു ചോദിച്ചു'

'വിവാഹം നടത്താമെന്നു പറഞ്ഞ് ചാക്കോ വര്‍ക്ക്‌ഷോപ്പില്‍ വന്നു, നീനു എവിടെയെന്നു ചോദിച്ചു'
'വിവാഹം നടത്താമെന്നു പറഞ്ഞ് ചാക്കോ വര്‍ക്ക്‌ഷോപ്പില്‍ വന്നു, നീനു എവിടെയെന്നു ചോദിച്ചു'

കോട്ടയം: കെവിനും നീനുവും തമ്മിലുള്ള വിവാഹം നടത്താമെന്നു പറഞ്ഞ് നീനുവിന്റെ പിതാവ് ചാക്കോ തന്നെ വന്നുകണ്ടിരുന്നെന്ന്, കൊല്ലപ്പെട്ട കെവിന്റെ പിതാവ് ജോസഫ്. കഴിഞ്ഞ വെളളിയാഴ്ച രാവിലെ ചാക്കോ തന്റെ വര്‍ക്‌ഷോപ്പില്‍ എത്തിയാണ് ഇക്കാര്യം സംസാരിച്ചത്. കെവിനും നീനുവും തമ്മില്‍ ഇഷ്ടത്തിലാണെന്നും വിവാഹം ഉടന്‍ നടത്താമെന്നും പറഞ്ഞു. നീനു ഇപ്പോള്‍ എവിടെ ഉണ്ടെന്ന് ചാക്കോ ചോദിച്ചതായും ജോസഫ് വെളിപ്പെടുത്തി.

ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് മാസങ്ങള്‍ക്ക് മുന്‍പ് കെവിന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കൂടുതലായി ഒന്നും പറഞ്ഞിരുന്നില്ല. വെളളിയാഴ്ച രാവിലെ നീനുവിന്റെ അച്ഛന്‍ ചാക്കോ വര്‍ക്‌ഷോപ്പില്‍ വന്നു. മക്കള്‍ തമ്മില്‍ ഇഷ്ടത്തിലാണെന്നും വിവാഹം ഉടന്‍ നടത്താമെന്നും അറിയിച്ചു. അതിനൊപ്പം നീനു ഇപ്പോള്‍ എവിടെ ഉണ്ടെന്നും ചോദിച്ചു- ജോസഫ് പറഞ്ഞു. 

താന്‍ നീതുവിനെ കണ്ടിട്ടില്ലെന്ന് ചാക്കോയോടു പറഞ്ഞു. ഇതിനെക്കുറിച്ചൊന്നും തനിക്കറിയില്ലെന്ന് അറിയിച്ചതോടെ ചാക്കോ തിരിച്ചു പോയി. പിറ്റെന്നു രാവിലെ പരിചയമുളള പൊലീസുകാരനാണ് തന്നെ വിളിച്ച് കെവിന്റെ പേരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ടെന്ന് അറിയിച്ചത്- ജോസഫ് പറഞ്ഞു.

പൊലീസുകാര്‍ വിളിച്ചുവരുത്തുമ്പോള്‍ നീനു കെവിനൊപ്പമുണ്ടായിരുന്നു. ഇരുവരും സ്റ്റേഷനില്‍ വന്നു. വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിച്ചതിന്റെ രേഖകള്‍ പൊലീസിനെ കാണിച്ചുകൊടുത്തെങ്കിലും ഇതു നോക്കാന്‍ പോലും അവര്‍ തയാറായില്ല. അവിടെ വച്ചു ചാക്കോ നീനുവിനെ ബലമായി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കെവിന്റെ ഒപ്പം പോകണമെന്നു പറഞ്ഞ് നീനു കരഞ്ഞു ബഹളംവച്ചു. പൊലീസ് അത് എഴുതിവാങ്ങി നീനുവിനെ കെവിനൊപ്പം അയയ്ക്കുകയായിരുന്നു. 

എല്ലാം പറഞ്ഞ് ശരിയാക്കിയെന്നു പറഞ്ഞ് രണ്ടാമത് ഒരു തവണ കൂടി ചാക്കോ തന്നെ കാണാന്‍ വന്നു. ഷാനുവും വര്‍ക്‌ഷോപ്പില്‍ വന്നു സംസാരിച്ചിരുന്നു. നീനു എവിടെയാണെന്ന് ചോദിക്കുകയും ചെയ്തു. അറിയില്ലെന്ന് പറഞ്ഞതോടെ മടങ്ങുകയായിരുന്നു- ജോസഫ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com