വോട്ടര്‍മാര്‍ കൂടി, വോട്ടു ചെയ്തവര്‍ കൂടി, ബിജെപിയുടെ വോട്ട് കുത്തനെ ഇടിഞ്ഞു

വോട്ടര്‍മാര്‍ കൂടി, വോട്ടു ചെയ്തവര്‍ കൂടി, ബിജെപിയുടെ വോട്ട് കുത്തനെ ഇടിഞ്ഞു
വോട്ടര്‍മാര്‍ കൂടി, വോട്ടു ചെയ്തവര്‍ കൂടി, ബിജെപിയുടെ വോട്ട് കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ വോട്ടര്‍മാരുടെ എണ്ണത്തിലും വോട്ടു ചെയ്തവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായപ്പോള്‍ ബിജെപിക്ക് കിട്ടിയ വോട്ടുകളില്‍ കുത്തനെ ഇടിവ്. കഴിഞ്ഞ തവണത്തേക്കാള്‍ ഏഴായിരത്തിലേറെ വോട്ടാണ് ബിജെപി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്കു കുറവു വന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ ആകെയുണ്ടായിരുന്നത് 1,97,372 വോട്ടര്‍മാരാണ്. 73.73 ശതമാനം ആയിരുന്നു പോളിങ്. അന്ന് ആകെ വോട്ടു ചെയ്തവരുടെ എണ്ണം 1,45,518. ഇതിന്റെ 29.33 ശമതാനം വോട്ടാണ് പിഎസ് ശ്രീധരന്‍ പിള്ള 2016ല്‍ നേടിയത്- 42,682 വോട്ട്. 

ഇത്തവണ ചെങ്ങന്നൂരിലെ വോട്ടര്‍മാരുടെ എണ്ണം 1,99,340 ആയാണ് വര്‍ധിച്ചത്. പോളിങ് ശതമാനത്തിലും വര്‍ധനയുണ്ടായി. 76.25 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്താനെത്തിയപ്പോള്‍ പെട്ടിയില്‍ വീണത് 1,51,997 വോട്ടുകള്‍. 6,479 വോട്ടുകളാണ് ഇത്തവണ അധികം രേഖപ്പെടുത്തപ്പെട്ടത്. എ്ന്നാല്‍ ബിജെപിയുടെ വോട്ടുനില 42,682ല്‍നിന്ന് 35,270ലേക്ക് ഇടിഞ്ഞു. കുറവു വന്നത് 7412 വോട്ടുകള്‍.

വോട്ടര്‍മാരുടെ എണ്ണത്തിലും വോട്ടു രേഖപ്പെടുത്തിയവരുടെ എണ്ണത്തിലും  വര്‍ധനയുണ്ടായപ്പോള്‍ ബിജെപിക്കു മാത്രമാണ് വോട്ടില്‍ കുറവു വന്നത്. കഴിഞ്ഞ തവണ ജയിച്ച എല്‍ഡിഎഫിലെ കെകെ രാമചന്ദ്രന്‍ നായര്‍ക്കു കിട്ടിയത് 52,880 വോട്ടുകളാണ്. ഭൂരിപക്ഷം 7983. ഇത്തവണ ഭൂരിപക്ഷം 20,956 ലേക്ക് ഉയര്‍ത്തിയ സജി ചെറിയാന്‍ സ്വന്തമാക്കിയത് 67,303 വോട്ടാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 14,423 വോട്ടുകളുടെ വര്‍ധന.

കോണ്‍ഗ്രസിലെ പിസി വിഷ്ണുനാഥിന് 44,897 വോട്ടാണ് 2016ല്‍ കിട്ടിയത്. ഡി വിജയകുമാറിന് ഇത്തവണ നേടാനായത് 46347 വോട്ടുകള്‍. 1450 വോട്ടിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിനുണ്ടായത്. 

കഴിഞ്ഞ തവണത്തേതില്‍നിന്നു വ്യത്യസ്തമായി എല്ലാ പഞ്ചായത്തുകളിലും ലീഡ് നേടാന്‍ ഇത്തവണ എല്‍ഡിഎഫിനായി. യുഡിഎഫിന്റെയും ബിജെപിയുടെയും ശക്തികേന്ദ്രങ്ങള്‍ തകര്‍ത്താണ് സജി ചെറിയാന്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com