കൊച്ചി മെട്രോയുടെ കാന്റിലിവര്‍ പാലത്തിന്റെ പണി അവസാനഘട്ടത്തിലേക്ക്
By സമകാലികമലയാളം ഡെസ്‌ക് | Published: 01st November 2018 09:18 PM |
Last Updated: 01st November 2018 09:18 PM | A+A A- |
കൊച്ചി: കൊച്ചി മെട്രോയുടെ കാന്റിലിവര്‍ പാലത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. 220 മീറ്റര്‍ നീളമുള്ള പാലത്തിന്റെ മൂന്ന് മീറ്റര്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. നടുവില്‍ തൂണുകളില്ലാതെ വശങ്ങളില്‍ മാത്രം ഉറപ്പിച്ചിരിക്കുന്ന പാലങ്ങളെയാണ് കാന്‍ന്റിലിവര്‍ പാലങ്ങള്‍ എന്ന് പറയുന്നത്. കര്‍വ് രൂപത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് കാന്റിലിവര്‍ പാലം നിര്‍മിക്കുന്നത്.
എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ കര്‍ഷക റോഡ് വരെ റെയില്‍വേ ട്രാക്കിന് കുറുകെ 220 മീറ്റര്‍ നീളത്തിലാണ് കാന്റിലിവര്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്. റെയില്‍വേ പാതക്ക് മുകളിലൂടെ നിര്‍മ്മിച്ചിരിക്കുന്ന 90 മീറ്റര്‍ ഭാഗത്ത് തൂണുകളില്ല എന്നതിനൊപ്പം വളഞ്ഞ ആകൃതിയുമാണ് ഇതിന്റെ പ്രത്യേകത. തുരങ്കം പോലെയുള്ള പ്രത്യേക ബോക്‌സ് ഗര്‍ഡറുകളാണ് പാലത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
ഡിഎംആര്‍സി യുടെ കരാറുകാരായ ഹരിയാന എസ്പി സിംഗ്ല കണ്‍സ്ട്രക്ഷന്‍സ് ആണ് 58 കോടി രൂപ ചെലവില്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്. 16 മീറ്റര്‍ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ഓരോ മീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായപ്പോഴും മെട്രോയുടെ സാങ്കേതിക വിദഗ്ധര്‍ വിശദമായ പരിശോധനയും നടത്തിയിരുന്നു.