തീ നിയന്ത്രണ വിധേയം, സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു; 400 കോടിയുടെ നഷ്ടം
By സമകാലികമലയാളം ഡെസ്‌ക് | Published: 01st November 2018 08:12 AM |
Last Updated: 01st November 2018 08:12 AM | A+A A- |

തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിലുണ്ടായ വന്‍ അഗ്‌നിബാധ നിയന്ത്രണവിധേയം. ഏഴുമണിക്കൂറുകള്‍ നീണ്ടുനിന്ന തീപിടിത്തത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ആളപായമില്ല. വിഷപ്പുക ശ്വസിച്ച് ബോധരഹിതരായ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴുമണിയോടെയാരംഭിച്ച തീ പൂര്‍ണമായും നിയന്ത്രവിധേയമായത് ഇന്ന് പുലര്‍ച്ചയോടെയാണ്. കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീപടരാതെ നിയന്ത്രിക്കാനായത് വന്‍ അപകടം ഒഴിവാക്കി. ഫാക്ടറിയുടെ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ ഒഴിപ്പിച്ചു. അട്ടിമറി സാധ്യതയുണ്ടെന്നാണ് കമ്പനി അധികൃതരുടെ പ്രതികരണം. സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 400 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വൈകീട്ട്് 7.15ഓടെയാണ് കാര്യവട്ടത്തിന് സമീപമുള്ള മണ്‍വിളയിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ അഗ്‌നിബാധയുണ്ടായത്. ഫാക്ടറിയിലുണ്ടായിരുന്ന ജീവനക്കാര്‍ കഠിനമായി ശ്രമിച്ചിട്ടും തീയണഞ്ഞില്ല. 7.45ഓടെ ഫയര്‍ എഞ്ചിന്‍ എത്തിയപ്പോഴേക്കും തീ നിയന്ത്രണാതീതമായി കഴിഞ്ഞിരുന്നു. കസേരയും, മേശയും പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും ഗോഡൗണ്‍ നിറയെയുണ്ടായിരുന്നു.
തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളില്‍ നിന്നുള്ള 45 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. തീ കെടുത്താനാകെ വന്നതോടെ വിമാനതാവളത്തില്‍ നിന്നും 2 രണ്ട് പാംപര്‍ ഫയര്‍ എഞ്ചിനുകളുമെത്തി. പ്ലാസ്റ്റിക് നിര്‍മാണത്തിനുപയോഗിക്കുന്ന പെട്രോളിയം ഉല്‍പന്നമായ അസംസ്‌കൃത വസ്തുക്കള്‍ കെടുത്താന്‍ ശ്രമിക്കുംതോറും ആളിക്കത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ , ഇ.ചന്ദ്രശേഖരന്‍, ഫയര്‍ഫോഴ്‌സ് മേധാവി ഡി.ജി.പി എ.ഹേമചന്ദ്രന്‍, ജില്ല കലക്ടര്‍ കെ.വാസുകി തുടങ്ങിയവര്‍ സംഭവസ്ഥലത്തേയ്ക്ക് കുതിച്ചെത്തി. തീ പിടിച്ച രണ്ട് കെട്ടിടങ്ങള്‍ക്ക് സമീപം സൂക്ഷിച്ചിരുന്ന ഏഴായിരത്തോളം ലീറ്റര്‍ ഡീസല്‍ അടിയന്തരമായി മാറ്റാന്‍ ഫയര്‍ ഫോഴ്‌സ് നിര്‍ദേശം നല്‍കി.
മൂന്നാമത്തെ കെട്ടിടത്തില്‍ നിറയെ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ അടുക്കിയിരുന്ന ഗോഡൗണിലേക്ക് തീ കടക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഫയര്‍ ലൈന്‍ സൃഷ്ടിച്ചതോടെ വലിയ അപകടം ഒഴിവായി. സമീപ പ്രദേശത്തെ വീടുകളില്‍ നിന്നും ജനങ്ങളെ പൊലീസ് ഇതിനിടെ ഒഴിപ്പിച്ചു. സംഭവ സ്ഥലത്തേയ്ക്കുള്ള വഴി തടയുകയും , വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു. വിഷപ്പുക ശ്വസിച്ച് രണ്ട് പേര്‍ ആശുപത്രിയിലായതോടെ അപകട സ്ഥലത്തുനിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു.