മണ്‍വിളയിലെ തീപിടുത്തം; അട്ടിമറി സാധ്യതയെന്ന് ആരോപണം, അന്വേഷണം പ്രഖ്യാപിക്കുമെന്ന് മന്ത്രി കടകംപള്ളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st November 2018 05:31 AM |
Last Updated: 01st November 2018 05:31 AM | A+A A- |

തിരുവനന്തപുരം: മണ്‍വിളയിലെ പ്ലാസ്റ്റിക് നിര്‍മാണ ശാലയിലുണ്ടായ തീപിടുത്തത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടാകാമെന്ന് ആരോപണം. ഫാമിലി പ്ലാസ്റ്റിക്‌സ് അധികൃതരാണ് അട്ടിമറി സാധ്യത ഇതിന് പിന്നിലുണ്ടാകാമെന്ന സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
400 കോടി രൂപയുടെ നഷ്ടമാണ് തീപിടുത്തത്തെ തുടര്‍ന്ന് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വ്യവസായ മന്ത്രി ഇ.പി.ജയരാജനുമായി ചര്‍ച്ച ചെയ്ത് തീപിടുത്തത്തില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
തീപിടുത്തം ഉണ്ടായ ഭാഗത്തേക്കുള്ള ഗതാഗതം തടഞ്ഞുവെച്ചിരിക്കുകയാണ്. ഏഴ് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമായിരിക്കുന്നത്. തീപിടുത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എങ്കിലും വിഷപ്പുക ശ്വസിച്ച് രണ്ട് പേര്‍ ആശുപത്രിയിലാണ്.
തീപിടുത്തം ഉണ്ടായതിന് പുറമെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് കത്തി വന്‍ തോതില്‍ വിഷപ്പുക ഉയര്‍ന്നതിനാല്‍ തീ പിടുത്തം ഉണ്ടായതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്നാണ് മുന്നറിയിപ്പ്.