ശബരിമല വനഭൂമിയിലെ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കണം ; ഉന്നതാധികാര സമിതി സുപ്രിംകോടതിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st November 2018 11:43 AM |
Last Updated: 01st November 2018 11:43 AM | A+A A- |

ന്യൂഡല്‍ഹി : ശബരിമല വനഭൂമിയില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഉന്നതാധികാര സമിതി. ഉന്നതാധികാര സമിതി സെക്രട്ടറി അമര്‍നാഥ് ഷെട്ടി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ശബരിമല, പമ്പ, നിലയ്ക്കല്‍ വനഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്കാണ് നിയന്ത്രണം. കുടിവെള്ള വിതരണം, ശൗചാലയ നിര്‍മ്മാണം എന്നീ അടിയന്തിര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പമ്പയില്‍ പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നത് തടയണം. പമ്പയില്‍ അനധികൃത നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണം. വനഭൂമിയിലെ നിര്‍മ്മാണത്തില്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാകണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി നടത്തിയ പരിശോധനയില്‍ ഇതെല്ലാം ലംഘിച്ച് വനഭൂമിയില്‍ നിര്‍മ്മാണങ്ങള്‍ നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അന്തിമ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായതിന് ശേഷം മാത്രം നിര്‍മ്മാണം ആരംഭിച്ചാല്‍ മതിയെന്നാണ് ഉന്നതാധികാര സമിതിയുടെ നിലപാട്. സമിതിയുടെ റിപ്പോര്‍ട്ട് സുപ്രിംകോടതി നാളെ പരിഗണിക്കും.