സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ ശമ്പളം വൈകുന്നതായി ആരോപണം
By സമകാലികമലയാളം ഡെസ്‌ക് | Published: 01st November 2018 08:34 PM |
Last Updated: 02nd November 2018 11:55 AM | A+A A- |

തിരുവനന്തപുരം: സാലറി ചലഞ്ചിനോട് നോ പറഞ്ഞവരുടെ ശമ്പളം വൈകുന്നതായി ആരോപണം. സമ്മതപത്രം നല്‍കിയ ഓഫീസുകളുടെ ബില്ലുകള്‍ മാത്രമാണ് ഇപ്പോള്‍ മാറുന്നത്. സമ്മതപത്രം നല്‍കാത്ത ഓഫീസുകളുടെ ബില്ലുകള്‍ മാറുന്നില്ല. ഇന്ന് മാറിയത് 5000 ബില്ലുകള്‍ മാത്രമാണ്.
ശമ്പള ബില്ലുകള്‍ ട്രഷറികളില്‍ എത്തിയ ശേഷമാണ് സാലറി ചലഞ്ചിലെ വിസമ്മത പത്രമെന്ന വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കിയത്. ഇതോടെ സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ തയ്യാറുളളവരില്‍ നിന്ന് ഡിഡിഒമാര്‍ സമ്മതപത്രം നല്‍കണമെന്ന് കാട്ടി ധനവകുപ്പ് ആദ്യ സര്‍ക്കുലര്‍ ഇറക്കി.
സമ്മതപത്രം സമര്‍പ്പിക്കാതെ ബില്ലുകള്‍ നല്‍കിയ ഡിഡിഒമാര്‍ അവ തിരികെ വാങ്ങി തിരുത്തല്‍ വരുത്തി ബില്ലുകള്‍ വീണ്ടും സമര്‍പ്പിക്കണമെന്ന് കാണിച്ച് രണ്ടാമത്തെ സര്‍ക്കുലറും വന്നു. ഇതോടെ സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ എല്ലാവരും രേഖാമൂലം സന്നദ്ധത അറിയിച്ച ഓഫീസുകളുടെ ബില്ലുകള്‍ മാത്രമെ മാറാന്‍ കഴിയൂ എന്ന സ്ഥിതി വന്നു.
ഏതെങ്കിലും ഓഫീസില്‍ ആരെങ്കിലും വിസമ്മത പത്രം നല്‍കിയിട്ടുണ്ടെങ്കില്‍ പുതിയ ബില്ല് വീണ്ടും സമര്‍പ്പിക്കേണ്ടി വരും. ഇത്തരത്തില്‍ ഡിഡിഒമാര്‍ തിരികെ വാങ്ങുന്ന ബില്ലുകള്‍ സമര്‍പ്പിക്കാനായി ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ശമ്പള വിതരണത്തിന്റെ ആദ്യ ദിനം അയ്യായിരത്തോളം ബില്ലുകളിലായി അന്പതിനായിരത്തോളം ജീവനക്കാരുടെ ശമ്പളമാണ് വിതരണം ചെയ്തത്. റവന്യൂ, പൊലീസ്, ജൂഡീഷ്യറി, സെക്രട്ടേറിയറ്റ് വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ജീവനക്കാരുടെ ബില്ലുകളാണ് സാധാരണ നിലയില്‍ ആദ്യദിനം വിതരണം ചെയ്യാറുളളത്.