ശബരിമല: കോണ്‍ഗ്രസിന് ആശയക്കുഴപ്പമില്ല, വ്യത്യസ്ത അഭിപ്രായമാണെന്ന് ഖുശ്ബു

കോണ്‍ഗ്രസിന്റെ കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇല്ലെന്ന് ഖുശ്ബു പറഞ്ഞു.
ശബരിമല: കോണ്‍ഗ്രസിന് ആശയക്കുഴപ്പമില്ല, വ്യത്യസ്ത അഭിപ്രായമാണെന്ന് ഖുശ്ബു

ഇന്‍ഡോര്‍: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കി നടിയും പാര്‍ട്ടി വക്താവുമായ ഖുശ്ബു. കോണ്‍ഗ്രസിന്റെ കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇല്ലെന്ന് ഖുശ്ബു പറഞ്ഞു. ഇരു നേതൃത്വങ്ങള്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളതെങ്കിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ല. ഞങ്ങളെ സംബന്ധിച്ച്, സുപ്രീംകോടതിയുടെ പ്രായഭേദമന്യേ യുവതികളെ പ്രവേശിപ്പിക്കണമെന്ന ചരിത്രവിധി അന്തിമമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ളത് വ്യത്യസ്ത അഭിപ്രായമാണെന്നും അറിയാം. നൂറ്റാണ്ടുകള്‍ നീണ്ടുനിന്നിരുന്ന ആചാരമാണ് കോടതി വിലക്കിയിരിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. 'കോണ്‍ഗ്രസ് ലിംഗവിവേചനത്തില്‍ വിശ്വസിക്കുന്നില്ല. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിക്കുന്നതിന് കോണ്‍ഗ്രസ് എതിരാണ്. 

ആചാരങ്ങളും വിശ്വാസങ്ങളും ഓരോ മതത്തിനും വ്യത്യസ്തമാണെന്ന് ഞങ്ങള്‍ അറിയാവുന്നതാണ്. കേരളത്തിലെ സ്ത്രീകളടക്കമുള്ളവര്‍ വര്‍ഷങ്ങളായുള്ള ആചാരത്തെയാണു പിന്തുണയ്ക്കുന്നത്. ശബരിമല വിഷയത്തിലെ പരസ്പരമുള്ള കാഴ്ചപ്പാടുകള്‍ മനസിലാക്കാന്‍ സമയമെടുക്കും'- ഖുശ്ബു വ്യക്തമാക്കി.

യുവതീപ്രവേശത്തിന്റെ മറവില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണു ബിജെപി ശ്രമിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വന്തം സ്ഥലം കണ്ടെത്താനും അവര്‍ നോക്കുന്നു. എന്നാല്‍ ബിജെപിയുടെ മുന്നില്‍ ജനങ്ങള്‍ വാതിലടച്ചിരിക്കുകയാണെന്നതാണു യാഥാര്‍ഥ്യമെന്നും ഖുശ്ബു പറഞ്ഞു. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു അവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com