അയ്യപ്പ ഭക്തന്റെ മരണം ആന്തരിക രക്തസ്രാവംമൂലം;മൃതദേഹത്തിന് ഒരാഴ്ച പഴക്കം: പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ശബരിമലയിലേക്ക് പോയ തീര്‍ത്ഥാടകന്റെ മരണം രക്തസ്രാവം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
അയ്യപ്പ ഭക്തന്റെ മരണം ആന്തരിക രക്തസ്രാവംമൂലം;മൃതദേഹത്തിന് ഒരാഴ്ച പഴക്കം: പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: ശബരിമലയിലേക്ക് പോയ തീര്‍ത്ഥാടകന്റെ മരണം രക്തസ്രാവം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തുടയെല്ല് പൊട്ടിയാണ് രക്തസ്രാവമുണ്ടായത്. ശിവദാസന്റെ മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നും മുഖമുള്‍പ്പെടെ പലഭാഗങ്ങളും അഴുകിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. തുടയെല്ല് പൊട്ടി രണ്ട് കഷ്ണങ്ങളായതാണ് രക്തശ്രാവത്തിന് കാരണം. വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ളാഹ വനത്തില്‍ മരിച്ച നിലയില്‍ വ്യാഴാഴ്ചയാണ് ശിവദാസന്റം മൃതദേഹം കണ്ടെത്തിയത്. ഒക്ടോബര്‍ പതിനെട്ടിന് ശബരിമലയ്ക്ക്‌ പുറപ്പെട്ട ശിവദാസനെ കാണാനില്ലെന്ന്‌ കാണിച്ച് 25ന് മകന്‍ പന്തളം പൊലീസിന് പരാതി നല്‍കിയിരുന്നു. ശിവദാസന്റെ മരണം പതിനേഴിന്‌ നിലയ്ക്കലില്‍ നടന്ന പൊലീസ് നടപടിയിലാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. 

ശിവദാസന്‍ മലയ്്ക്ക് പുറപ്പെട്ടത് ഒക്ടോബര്‍ പുതിനെട്ട് രാവിലെയാണെന്ന മകന്റെ പരാതി പുറത്തുവന്നതോടെ ബിജെപി നടത്തുന്നത് വ്യാജ പ്രചാരണമാണെന്ന വാദവും ശക്തമാണ്. 

നിലയ്ക്കലില്‍ പൊലീസ് നടപടിയുണ്ടായത് 16, 17 തിയതികളിലാണ്. അതിനുശേഷമാണ് വീട്ടുകാരുടെ പരാതിപ്രകാരം ശിവദാസന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതുതന്നെ. കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്.പിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. പൊലീസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.16,17 തിയതികളിലാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പൊലീസ് നടപടികള്‍ ഉണ്ടായത്. ശിവദാസന്‍ 18നാണ് വീട്ടില്‍നിന്ന് ശബരിമലയിലേക്ക് തിരിച്ചത്. 19ന് ദര്‍ശനം കഴിഞ്ഞ് ഇറങ്ങിയത് വീട്ടിലേക്ക് അറിയിച്ചിരുന്നു. ഇതിനുശേഷമാണ് കാണാതായത്. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെക്കുമെന്നും എസ്.പി പറഞ്ഞു.

ശിവദാസന്റെ മരണം നിലയ്ക്കിലില്‍ പൊലീസ് നടപടി മൂലമാണെന്ന സംഘപരിവാര്‍ പ്രചാരണം തളളി പൊലീസിന്റെ പത്രക്കുറിപ്പും പുറത്തുവന്നിരുന്നു. നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇന്നലെ പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19 ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്‌റ്റേഷനില്‍ മാന്‍ മിസിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണെന്നുമായിരുന്നു പത്രക്കുറിപ്പ്.

പത്തനംതിട്ട  നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍ പമ്പ റൂട്ടിലാണ്. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെതുടര്‍ന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഈ വ്യാജവാര്‍ത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com