'ഇനിയൊരു പ്രതിമ നിര്‍മ്മിക്കുകയാണെങ്കില്‍ അത് ഈ അമ്മയുടെതാകണം' ; എന്‍എസ് മാധവന്‍ പറയുന്നു

ഈ അമ്മയെ ഇനി നമുക്ക് അക്ഷരത്തിന്റെ അമ്മയെന്ന് വിളിക്കാം. കാര്‍ത്ത്യായനി അമ്മയുടെ നേട്ടം എല്ലാവര്‍ക്കും പ്രചോദനമാണെന്ന് എന്‍എസ് മാധവന്‍ 
'ഇനിയൊരു പ്രതിമ നിര്‍മ്മിക്കുകയാണെങ്കില്‍ അത് ഈ അമ്മയുടെതാകണം' ; എന്‍എസ് മാധവന്‍ പറയുന്നു

കൊച്ചി: ഇനിയൊരു പ്രതിമ നിര്‍മ്മിക്കുകയാണെങ്കില്‍ നാലാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാര്‍ത്യായനി അമ്മയുടെതാകണമെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഈ അമ്മയെ ഇനി നമുക്ക് അക്ഷരത്തിന്റെ അമ്മയെന്ന് വിളിക്കാം. കാര്‍ത്ത്യായനി അമ്മയുടെ നേട്ടം എല്ലാവര്‍ക്കും പ്രചോദനമാണെന്നും എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു

നാലാം ക്ലാസ് തുല്യതാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 100ല്‍ 98 മാര്‍ക്ക് നേടി കാര്‍ത്യായനി അമ്മ സംസ്ഥാനത്ത് ഒന്നാമത് എത്തിയിരുന്നു.98 മാര്‍ക്ക് നേടിയ കാര്‍ത്യായനി അമ്മ റെക്കോര്‍ഡ് തിരുത്തി കുറിച്ചിരിക്കുകയാണെന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ അധികൃതര്‍ അറിയിച്ചു. 
കഴിഞ്ഞ ആഗസ്റ്റ് 10 ന് തുല്യതാ പരീക്ഷയെഴുതാന്‍ മുട്ടത്തെ കണിച്ചനെല്ലൂര്‍ യുപി സ്‌കൂളില്‍ എത്തിയ കാര്‍ത്യായനി അമ്മയുടേയും രാമചന്ദ്രന്‍ പിള്ളയുടേയും ഫോട്ടോ വൈറല്‍ ആയിരുന്നു. 42,933 പേര്‍ എഴുതിയ പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു കാര്‍ത്യായനി അമ്മ. കൂടെ പരീക്ഷ എഴുതിയ രാമചന്ദ്രന്‍ പിള്ള നേടിയത് 88 മാര്‍ക്കാണ്.

വയോധികരിലെ നിരക്ഷരത തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കിയ പദ്ധതിയാണ് അക്ഷരലക്ഷം. 42,933 പേര്‍ എഴുതിയ പരീക്ഷയില്‍ 42,330 പേര്‍ വിജയിച്ചു. 99.08 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം.വായന, എഴുത്ത്, ഗണിതം എന്നീ മൂന്ന് മേഖലയിലായിരുന്നു പരീക്ഷ നടത്തിയത്. എഴുത്തില്‍ കാര്‍ത്യായനി അമ്മക്ക് ലഭിച്ചത് 40 ല്‍ 38 മാര്‍ക്കാണ്. വായനയിലും ഗണിതത്തിലും മുഴുവന്‍ മാര്‍ക്കും ലഭിച്ചു. തന്റെ 100ാം വയസില്‍ പത്താംതരം തുല്യതാ പരീക്ഷ പാസാവുക എന്നതാണ് ഈ ആലപ്പുഴക്കാരി അമ്മയുടെ ലക്ഷ്യം.

വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കാര്‍ത്യായനി അമ്മ സര്‍ട്ടിഫിക്കറ്റ് വാങ്ങി. പഠിക്കണമെന്ന് തോന്നാന്‍കാരണമെന്തെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് കുട്ടികള്‍ പഠിക്കുന്നതു കണ്ടപ്പോള്‍ തോന്നിയ ആഗ്രഹമെന്നായിരുന്നു മറുപടി. പത്താംതരം ജയിക്കണമെന്നും കംപ്യൂട്ടര്‍ പഠിക്കണമെന്നുമാണ് ഇനിയുള്ള ആഗ്രഹമെന്നും കാര്‍ത്യായനി അമ്മ മുഖ്യമന്ത്രിയോടു പറഞ്ഞു. മുഖ്യമന്ത്രിയെ ചങ്ങമ്പുഴയുടെ രമണനിലെ വരികള്‍ കാര്‍ത്യായനി അമ്മ പാടി കേള്‍പ്പിക്കുകയും ചെയ്തു. 

സുഗതകുമാരി, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്.ശ്രീകല, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. വിജയമ്മ, കെ.അയ്യപ്പന്‍നായര്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രശാന്ത് കുമാര്‍, കാര്‍ത്യായനി അമ്മയുടെ അധ്യാപികയും സാക്ഷരതാ പ്രേരകായ സതി തുടങ്ങിയവര്‍ പങ്കെടുത്തു.

കാര്‍ത്യായനി അമ്മ മുന്‍പ് സ്‌കൂളില്‍ പോയിട്ടേയില്ല. ഇളയ മകള്‍ അമ്മിണിയമ്മ രണ്ടു വര്‍ഷം മുമ്പ് പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ചത്. അന്നുമുതല്‍ കാര്‍ത്യായനി അമ്മയ്ക്ക് പഠിക്കണമെന്നുള്ള മോഹം തുടങ്ങി. അമ്പലങ്ങളില്‍ തൂപ്പുജോലി ചെയ്താണ് മക്കളെ വളര്‍ത്തിയത്. കണ്ണിന്റെ ശസ്ത്രക്രിയ നടത്തിയതല്ലാതെ ഈ പ്രായത്തില്‍ ആശുപത്രിയില്‍ കയറിയിട്ടേയില്ല. സസ്യാഹാരമാണ് ശീലം. ചിലപ്പോള്‍ ദിവസങ്ങളോളം കഴിക്കില്ല. ചോറുണ്ണുന്നത് അപൂര്‍വം. എന്നും പുലര്‍ച്ചെ നാലിനുണരുന്നതാണ് കാര്‍ത്യായനി അമ്മയുടെ ശീലം.  

1991 ഏപ്രില്‍ 18 നാണ് കേരളത്തെ സമ്പൂര്‍ണ  സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ചത്. യൂനസ്‌ക്കോയുടെ മാനദണ്ഡപ്രകാരം ഇത് 90 ശതമാനത്തില്‍ കൂടുതല്‍ സാക്ഷരത നേടിയിരുന്നു. നൂറുശതമാനം സാക്ഷരതയിലേയ്ക്ക് എത്തിച്ചേരുന്നതായിനായി 2018 ജനുവരി 26ന് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ പരിപാടിയാണ് അക്ഷരലക്ഷം. ചേരിനിവാസികള്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, നാടോടികള്‍ എന്നിവരുടെ ഇടയില്‍ സാക്ഷരത വര്‍ധിപ്പിക്കുകയെന്നതാണ് അക്ഷര ലക്ഷം പരിപാടിയുടെ ലക്ഷ്യം. 2011 ലെ സെന്‍സസ് പ്രകാരം 94 ശതമാനമാണ് കേരളത്തിലെ സാക്ഷരതാ നിരക്ക്.  2001 ല്‍ ഇത് 90.86 ശതമാനമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com