'പഠിച്ചിട്ട് വല്ല ജോലി കിട്ടുവാണേല്‍ അത് ചെയ്യും, കംപ്യൂട്ടറും വേണം'; റാങ്കുകാരി കാര്‍ത്യായനിയമ്മയ്ക്ക് സ്വപ്‌നങ്ങള്‍ ഇനിയും ബാക്കിയാണ് 

പരീക്ഷ എഴുതിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു ഹരിപ്പാട് സ്വദേശിയായ കാര്‍ത്യായനിയമ്മ
'പഠിച്ചിട്ട് വല്ല ജോലി കിട്ടുവാണേല്‍ അത് ചെയ്യും, കംപ്യൂട്ടറും വേണം'; റാങ്കുകാരി കാര്‍ത്യായനിയമ്മയ്ക്ക് സ്വപ്‌നങ്ങള്‍ ഇനിയും ബാക്കിയാണ് 

96 ാം വയസില്‍ 98 ശതമാനം മാര്‍ക്ക് വാങ്ങി ഒന്നാമതായ കാര്‍ത്യായനി അമ്മയാണ് ഇപ്പോള്‍ കേരളത്തിലെ താരം. മുത്തശ്ശിയെത്തേടി വിവധ തുറകളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്. സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിലാണ് കാര്‍ത്യായനിയമ്മ മിന്നും വിജയം നേടിയത്. എന്നാല്‍ ഇതില്‍ ഒതുങ്ങുന്നതല്ല കാര്‍ത്യായനി അമ്മയുടെ സ്വപ്‌നങ്ങള്‍. തനിക്ക് പഠിച്ച് ജോലി വാങ്ങണമെന്നും കംപ്യൂട്ടര്‍ പഠിക്കണമെന്നുമൊക്കെയാണ് കാര്‍ത്യായനി അമ്മയുടെ ആഗ്രഹങ്ങള്‍. 

നാലാം ക്ലാസ് തുല്യത പരീക്ഷയാണ് കാര്‍ത്യായനിയമ്മ എഴുതിയത്. പരീക്ഷ എഴുതിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു ഹരിപ്പാട് സ്വദേശിയായ കാര്‍ത്യായനിയമ്മ. പരീക്ഷയില്‍ ഒന്നാമതെത്തിയ മുത്തശ്ശിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സര്‍ട്ടിഫിക്കറ്റ് കാര്‍ത്യായനിയമ്മയ്ക്ക് നല്‍കിയത്. പ്രായം വെറും അക്കം മാത്രമാണെന്ന പ്രയോഗത്തിന്റെ നേര്‍ സാക്ഷ്യമാണ് ഈ മുത്തശ്ശി. 

ഒന്നാമതെത്തിയതിന്റെ സന്തോഷത്തിലാണ് കാര്‍ത്യായനിയമ്മ. എന്നാല്‍ മാര്‍ക്ക് കൂടുതല്‍ കിട്ടിയതില്‍ ഞെട്ടലൊന്നുമില്ല. കാരണം മുഴുവന്‍ മാര്‍ക്കും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് പരീക്ഷ എഴുതിയത്. അതിനായി ആറ് മാസമാണ് കഠിനപ്രയത്‌നം ചെയ്തത്. 

കുഞ്ഞുങ്ങള്‍ എഴുതുന്നതു കണ്ടപ്പോള്‍ തനിക്ക് ആശ തോന്നിയെന്നും അങ്ങനെയാണ് പഠിക്കാനുള്ള താല്‍പ്പര്യം അറിയിച്ചതെന്നുമാണ് കാര്‍ത്യായനിയമ്മ പറയുന്നത്. പഠിച്ച് പത്താം ക്ലാസ് പരീക്ഷ എഴുതണമെന്നാണ് ആഗ്രഹം. പഠിച്ചിട്ട് എന്തിനാ എന്ന ചോദ്യത്തിനും കാര്‍ത്യായനിയമ്മയ്ക്ക് ഉത്തരമുണ്ട്. പഠിച്ച് കഴിഞ്ഞ് ജോലിയൊക്കെ കിട്ടുവാണേല്‍ അത് ചെയ്യാല്ലോ. തീര്‍ന്നില്ല. കംപ്യൂട്ടര്‍ പഠിക്കണമെന്നതും മുത്തശ്ശിയുടെ സ്വപ്‌നമാണ്. വെറുതെയിരിക്കുന്ന സമയങ്ങളില്‍ കംപ്യൂട്ടറില്‍ ചെയ്യാമല്ലോ എന്നാണ് കാര്‍ത്യായനിയമ്മ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com