ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം; തിങ്കളാഴ്ച രാവിലെ മുതലെ കടത്തിവിടൂവെന്ന് പൊലീസ് 

ശബരിമല റിപ്പോർട്ടിങ്ങിന് മാധ്യമങ്ങൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി
ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം; തിങ്കളാഴ്ച രാവിലെ മുതലെ കടത്തിവിടൂവെന്ന് പൊലീസ് 

പമ്പ: സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ശബരിമലയിലും പരിസരപ്രദേശങ്ങളിലും നാളെ അര്‍ദ്ധരാത്രിമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങൾക്കും നിയന്ത്രണം. ശബരിമല റിപ്പോർട്ടിങ്ങിന് മാധ്യമങ്ങൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന ദിവസങ്ങളിലാണ് ഈ നിയന്ത്രണം. നാളെ രാത്രിമുതല്‍ ആറാം തീയതി അര്‍ദ്ധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മാധ്യമങ്ങളെ തിങ്കളാഴ് രാവിലെ മുതലെ കടത്തിവിടൂ എന്ന് പൊലീസ് അറിയിച്ചു. 

നവംബര്‍ അഞ്ചിന് ശബരിമല നട തുറയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിരിക്കുന്നത്. 

നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ആയിരത്തിലധികം പൊലീസുകാരെയാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി വിന്യസിപ്പിക്കുക.

തുലാംമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ യുവതി പ്രവേശനത്തിനെതിരെയുളള പ്രതിഷേധം അക്രമത്തില്‍ കലാശിച്ചിരുന്നു. നിലയ്ക്കലില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിന് ലാത്തിവീശേണ്ടി വന്നു. തുടര്‍ന്ന് അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ആ ദിവസങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com