പൊലീസിന് ഒറ്റജാതിയും ഒറ്റമതവുമേയുള്ളുവെന്ന് പിണറായി വിജയന്‍

പൊലീസിനെ വേര്‍തിരിക്കുന്നത് സേനയെ നിര്‍വീര്യമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 
പൊലീസിന് ഒറ്റജാതിയും ഒറ്റമതവുമേയുള്ളുവെന്ന് പിണറായി വിജയന്‍

കണ്ണൂര്‍: സംസ്ഥാനത്തെ മതനിരപേക്ഷത തകര്‍ക്കാനുള്ളവരുടെ ഒറ്റപ്പെട്ട ശബ്ദമാണ് പൊലീസിനെതിരെ ഉയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  പൊലീസിനെ തന്നെ ചേരിതിരിക്കാനാകുമോ എന്നാണ് അവര്‍ നേക്കുന്നത്. പൊലീസിനെ ഇന്ന മതത്തില്‍ പെട്ടവര്‍ ഇന്ന ജാതിയില്‍ പെട്ടവര്‍ എന്ന തരത്തില്‍ വേര്‍തിരിക്കാന്‍ നോക്കുകയാണ് അത്തരക്കാര്‍ . ഇത് പൊലീസിനെ നിര്‍വീര്യമാക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന് ഒറ്റ ജാതിയും ഒറ്റമതവുമേയുള്ളു. അത് പൊലീസ് എന്നത് തന്നെയാണ്. അവരെ ഒറ്റതിരിച്ച് ആക്രമിച്ച് നിര്‍വീര്യമാക്കി കളയാം എന്ന് ചിലര്‍ കരുതുകയാണ്. അത്തരം നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ സമൂഹം ശക്തമായി അണിചേരണം. പൊലീസ് സേനയുടെ ഐക്യവും അച്ചടക്കവുമാണ് പൊലീസ് സേനയുടെ കരുത്ത്. ഒറ്റപ്പെട്ട രീതിയില്‍ വരുന്ന ആക്രമണങ്ങളുടെ മുന്നില്‍ പൊലിസുകാര്‍ പതറേണ്ടതില്ലെന്നും ആ നിലയില്‍ തന്നെ മുന്നോട്ട് പോകാവുന്നതാണ് നല്ലതെന്നും പിണറായി പറഞ്ഞു.

മതനിരപേക്ഷത ആപത്താണെന്ന് കാണുന്നവര്‍ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അത്തരം നീക്കങ്ങളിലൂടെയുള്ള ആപത്ത് തിരിച്ചറിഞ്ഞവരാണ് നമ്മള്‍. നമ്മുടെ നാടിന്റെ മതനിരപേക്ഷ ഭദ്രത ഉലയ്ക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളെ പലതരത്തില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com