'പൊലീസുകാര്‍ നല്ല തയ്യാറെടുപ്പിലാണ്, നമ്മളും നല്ല തയ്യാറെടുപ്പിലാണ് '; പ്രകോപന വീഡിയോയുമായി രാഹുല്‍ ഈശ്വര്‍ 

ചിത്തിര ആട്ട പൂജയ്ക്കായി ശബരിമല നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, വീണ്ടും പ്രകോപനവുമായി അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍
'പൊലീസുകാര്‍ നല്ല തയ്യാറെടുപ്പിലാണ്, നമ്മളും നല്ല തയ്യാറെടുപ്പിലാണ് '; പ്രകോപന വീഡിയോയുമായി രാഹുല്‍ ഈശ്വര്‍ 

പത്തനംതിട്ട:ചിത്തിര ആട്ട പൂജയ്ക്കായി ശബരിമല നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, വീണ്ടും പ്രകോപനവുമായി അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. കഴിഞ്ഞതവണത്തെ പോലെ വരുന്ന ഒരു ദിവസവും അയ്യപ്പഭക്തന്മാര്‍ പ്രതിരോധിക്കണമെന്നാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലുടെ രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്തത്.

വീണ്ടും ശബരിമല സന്നിധാനത്തിലേക്ക് പോകാനുളള വഴിയില്‍ എത്തിയിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് രാഹുല്‍ ഈശ്വറിന്റെ വീഡിയോ തുടങ്ങുന്നത്. 'കഴിഞ്ഞതവണ അഞ്ചുദിവസം പ്രതിരോധിച്ചപ്പോലെ ഇനിയും ഒരു ദിവസം കൂടി അയ്യപ്പഭക്തന്മാര്‍ക്ക് പ്രതിരോധിക്കാന്‍ സാധിച്ചാല്‍ ഒരു പക്ഷേ ചരിത്രവിജയമാണ് നമ്മളെ കാത്തിരിക്കുന്നത്. സുപ്രിംകോടതിയില്‍ നിന്നടക്കം അനുകൂലമായ തീരുമാനങ്ങള്‍ ലഭിക്കും.' വീഡിയോയില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നു.

തുടര്‍ന്ന് പമ്പ പൊലീസ് സ്റ്റേഷന് മുന്‍പിലാണ് എന്ന് പറഞ്ഞു തുടങ്ങുന്ന മറ്റൊരു ഭാഗവും വീഡിയോയിലുണ്ട്. 'ശബരിമലയില്‍ എത്തി. പൊലീസുകാര്‍ നല്ല തയ്യാറെടുപ്പിലാണ്. പൊലീസുകാരെ പോലെ നമ്മളും നല്ല തയ്യാറെടുപ്പിലാണ്.'  രാഹുല്‍ ഈശ്വര്‍ പറയുന്നു.

അടുത്തിടെ, ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയതിന്റെ പേരില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ രക്തമിറ്റിച്ച് നട അടപ്പിക്കാന്‍ നിരവധിപ്പേര്‍ തയ്യാറായി നിന്നിരുന്നുവെന്ന വിവാദ പ്രസ്താവനയുടെ പേരിലായിരുന്നു നടപടി. 

എറണാകുളം പ്രസ്‌ക്ലബില്‍ വെച്ചാണ് രാഹുല്‍ ഈശ്വര്‍ വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ പിന്നീട് രാഹുല്‍ ഈ പരാമര്‍ശം മാറ്റിപ്പറഞ്ഞിരുന്നു. ഇരുപതോളംപേര്‍ രക്തമിറ്റിച്ച് നടയടക്കാന്‍ നിന്നിരുന്നുവെന്നും അവരോട് താന്‍ വേണ്ടെന്ന് പറഞ്ഞു പിന്തിരിപ്പിക്കുകയാണ് ചെയ്തതെന്നും ആ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു എന്നുമാണ് പിന്നീട് രാഹുല്‍ പറഞ്ഞത്. പമ്പയിലും സന്നിധാനത്തും വിശ്വാസികളെ തടഞ്ഞതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ ഒരാഴ്ചയോളം ജയിലില്‍ കഴിഞ്ഞതിന് ശേഷം ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്. ഇതിനുപിന്നാലെയാണ് വീണ്ടും അറസ്റ്റിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com