പ്രളയം തകര്‍ത്ത അനധികൃത കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തേണ്ട; ശബരിമലയെ ശരിയാക്കാന്‍ സുപ്രീംകോടതി

ശബരിമല മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നിയമവിധേയമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും വ്യക്തമാക്കി
പ്രളയം തകര്‍ത്ത അനധികൃത കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തേണ്ട; ശബരിമലയെ ശരിയാക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി; പ്രളയത്തില്‍ തകര്‍ന്ന ശബരിമലയിലെ അനധികൃത കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നത് വിലക്കി സുപ്രീംകോടതി. അനധികൃതമായി നിര്‍മിച്ച എല്ലാ കെട്ടിടങ്ങളും പൊളിക്കേണ്ടി വരുമെന്നാണ് കോടതി പറയുന്നത്. എന്നാല്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നിയമവിധേയമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും വ്യക്തമാക്കി. അനധികൃതമല്ലാത്ത കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിനടത്താന്‍ കോടതി അനുവാദം നല്‍കി. 

ശബരിമലയിലെ വനഭൂമിയിലും പമ്പാതീരത്തും നിയമവിരുദ്ധമായി ഒട്ടേറെ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. അതിനാല്‍ അറ്റകുറ്റപ്പണിക്ക് അനുവാദം നല്‍കരുതെന്നാണ് ഉന്നതാധികാരി സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമികസ് ക്യൂറി വാദിച്ചത്. 
അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടെന്ന് കോടതി വിലയിരുത്തിയെങ്കിലും നിര്‍മ്മാണം പൂര്‍ണ്ണമായും വിലക്കിയില്ല. പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തി വയ്ക്കുന്നത് മണ്ഡലകാലത്ത് പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 

സര്‍ക്കാര്‍ വാദം പരിഗണിച്ചാണ് മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കോടതി അനുമതി നല്‍കിയത്. സര്‍ക്കാര്‍ അനുമതി നേടിയ നിര്‍മ്മാണങ്ങള്‍ക്ക് മാത്രമാണ് ഇളവ്. മാസ്റ്റര്‍ പ്ലാന്‍ കര്‍ശനമായി പാലിച്ചാകണം നിര്‍മ്മാണവും അറ്റകുറ്റപ്പണിയും. ഇതിനായി വന്‍ തുക ചെലവാക്കിയെന്ന പേരില്‍ അനധികൃത നിര്‍മാണം സംരക്ഷിക്കാനാവില്ല. ഇപ്പോള്‍ ഇവ പൊളിച്ചുമാറ്റിയില്ലെങ്കില്‍ പിന്നീട് അതിന് കഴിയാതെ വരും. അറ്റക്കുറ്റപ്പണി നടത്തേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com