ശിവദാസനെ കാട്ടാന ചവിട്ടിക്കൊന്നതാകാം: പുതിയ നിഗമനവുമായി പൊലീസ് 

ശബരിമല പാതയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്‍ അപകടത്തില്‍പ്പെട്ടതോ കാട്ടാന ചവിട്ടിക്കൊന്നതോ ആകാമെന്ന് പൊലീസ് നിഗമനം.
ശിവദാസനെ കാട്ടാന ചവിട്ടിക്കൊന്നതാകാം: പുതിയ നിഗമനവുമായി പൊലീസ് 

പത്തനംതിട്ട: ശബരിമല പാതയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്‍ അപകടത്തില്‍പ്പെട്ടതോ കാട്ടാന ചവിട്ടിക്കൊന്നതോ ആകാമെന്ന് പൊലീസ് നിഗമനം. ശിവദാസന്റെ മൃതദേഹം കണ്ടെത്തിയ റോഡിന്റെ ഭാഗത്ത് വലിയ വളവാണ്.ഇവിടെ ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞതാകാമെന്ന സാധ്യതതയാണ് പൊലീസ് പ്രധാനമായും കാണുന്നത്.  കാട്ടാനകളുടെ സാന്നിധ്യം ഏറെയുള്ളതിനാല്‍ കാട്ടാനയുടെ ആക്രമണമവും പൊലീസ് തള്ളിക്കളയുന്നില്ല. 

വ്യാഴാഴ്ചയാണ് ശിവദാസന്റെ മൃതദേഹം കണ്ടെത്തിയത്.  കാടു തെളിക്കാന്‍ വന്ന സ്ത്രീകളാണ് ളാഹയ്ക്കു സമീപം കമ്പകത്തുംവളവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌കൂട്ടര്‍ കണ്ടത്. തുടര്‍ന്നു വനപാലകര്‍ നടത്തിയ തിരച്ചിലിലാണു ശിവദാസന്റെ മൃതദേഹം റോഡില്‍ നിന്ന് 30 അടിയോളം താഴ്ചയില്‍ കണ്ടെത്തിയത്. 

മരത്തിന്റെ ശിഖരത്തില്‍ തങ്ങി നില്‍ക്കുന്ന ബൈക്കിനു സമീപം കല്ലിന്റെ ഇടയിലായി മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു ശിവദാസന്റെ മൃതദേഹം. അടിവസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുണ്ട് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ മൃതദേഹത്തിനു സമീപം കണ്ടെത്തി. ഇവ കാട്ടുമൃഗങ്ങള്‍ മൃതദേഹത്തില്‍ നിന്നു വലിച്ചുമാറ്റിയതാവാമെന്നു പൊലീസ് പറഞ്ഞു. ബൈക്കിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്ന നിലയിലായിരുന്നു. 

കഴിഞ്ഞ 18നു ശബരിമല ദര്‍ശനത്തിനു പന്തളത്തെ വീട്ടില്‍ നിന്നു തിരിച്ച ശിവദാസന്‍ ദര്‍ശനത്തിനു ശേഷം 19നു വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീടാണ് കാണാതായത്. വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കാത്തതിനാല്‍ ടവര്‍ ലൊക്കേഷന്‍ വച്ചുള്ള അന്വേഷണവും നടന്നില്ല. 

പതിനാറിന് നിലയ്ക്കലില്‍ നടന്ന പൊലീസ് നടപടിയിലാണ് ശിവദാസന്‍ കൊല്ലപ്പെട്ടത് എന്നാരോപിച്ച് ബിജെപി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ രംഗത്ത് വന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയടക്കം പൊലീസ് നടപടിയിലാണ് കൊല്ലപ്പെട്ടത് എന്നാരോപിച്ച് രംഗത്തെത്തി. പത്തനംതിട്ടയില്‍ കഴിഞ്ഞദിവസം ബിജെപി ഹര്‍ത്താലും നടത്തിയിരുന്നു. 

ശിവദാസന്റെ മരണം സംഭവിച്ചത് തുടയെല്ല് പൊട്ടിയുള്ള ആന്തരിക രക്തസ്രാവം മൂലമാണെന്ന് കഴിഞ്ഞ ദിവസം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com