സിനിമ തിയേറ്ററില്‍ കുഞ്ഞ് കരഞ്ഞു; യുവാക്കള്‍ കുടുംബത്തെ ആക്രമിച്ചു, സ്ഥലത്ത് എത്തിയ പൊലീസിന് നേരെയും കയ്യേറ്റശ്രമം

സിനിമ തിയേറ്ററില്‍ കുഞ്ഞ് കരയുന്നതിനെ ചൊല്ലിയുളള തര്‍ക്കത്തിനൊടുവില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്നു കുടുംബത്തെ ആക്രമിച്ചു
സിനിമ തിയേറ്ററില്‍ കുഞ്ഞ് കരഞ്ഞു; യുവാക്കള്‍ കുടുംബത്തെ ആക്രമിച്ചു, സ്ഥലത്ത് എത്തിയ പൊലീസിന് നേരെയും കയ്യേറ്റശ്രമം

പത്തനംതിട്ട:സിനിമ തിയേറ്ററില്‍ കുഞ്ഞ് കരയുന്നതിനെ ചൊല്ലിയുളള തര്‍ക്കത്തിനൊടുവില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്നു കുടുംബത്തെ ആക്രമിച്ചു. പത്തനംതിട്ട നന്നുവക്കാട് കൂവപ്പള്ളില്‍ പി.എസ്. ഏബ്രഹാം, മേരി ജോണ്‍  എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.  കൊല്ലം ഉമയനല്ലൂര്‍ സ്വദേശികളായ കുമാരസദനം ബൈജു , രാജേഷ് ഭവന്‍ രാജേഷ് , വിമലവിലാസം ബിജു , കിരണ്‍നിവാസ് കിരണ്‍ കെ. നായര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബം ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്നലെ രാത്രിയില്‍ എട്ടരയോടെ നഗരത്തിലെ തിയറ്ററില്‍ സിനിമ കാണുന്നതിനിടെ ഏബ്രഹാമിന് ഒപ്പമുണ്ടായിരുന്ന കുട്ടി കരഞ്ഞു. ഇടവേള സമയത്ത് ഇത് യുവാക്കളില്‍ ഒരാള്‍ ചോദ്യം ചെയ്ത് ഏബ്രഹാമിനെ അടിച്ചു വീഴ്ത്തി. തുടര്‍ന്ന് കൂടെയുള്ളവരും ഇയാളെ ആക്രമിക്കുകയായിരുന്നു. 

ഇതുകണ്ട് തടസ്സം പിടിക്കാനെത്തിയ മേരി ജോണിനെയും ഇവര്‍ ആക്രമിച്ചു. സംഭവം മൊബൈലില്‍ പകര്‍ത്തിയ യുവാവിനെയും ഇവര്‍ അടിച്ചുവീഴ്ത്തി. ബഹളം കണ്ട് കാണികള്‍ അക്രമികളെ തടഞ്ഞുവച്ച് പൊലീസില്‍ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസിനു നേരെയും ഇവര്‍ കയ്യേറ്റശ്രമം നടത്തി. പട്രോളിങ് സംഘത്തില്‍ സേനാംഗങ്ങള്‍ കുറവായതിനെ തുടര്‍ന്ന് വിവരമറിഞ്ഞ് കൂടുതല്‍ പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com