സര്‍ക്കാരിന്റെ രഹസ്യ അജണ്ടകള്‍ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമല ; മാധ്യമ വിലക്കിനെതിരെ ഉമ്മൻചാണ്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th November 2018 09:02 AM |
Last Updated: 04th November 2018 09:05 AM | A+A A- |

കോട്ടയം: ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്റെ രഹസ്യ അജണ്ടകള്‍ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമല. മാധ്യമങ്ങളെ ഒഴിവാക്കിയത് സർക്കാരിന് എന്തോ ഒളിക്കാനുള്ളതു കൊണ്ടാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.
ഒരു പാര്‍ട്ടി പാര്‍ട്ടിയുടെ ആശയങ്ങളും നയങ്ങളും അടിച്ചേല്‍പ്പിക്കുകയല്ല ചെയ്യേണ്ടത്. ശബരിമലയിൽ പ്രകടമാകുന്നത് സിപിഎമ്മിന്റെ സങ്കുചിത മനസ്സാണ്. ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും. അടിയന്തരാവസ്ഥ കാലത്ത് മാധ്യമങ്ങളെ വിലക്കിയത് ശരിയായ നടപടിയായിരുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പൊതു പ്രവര്‍ത്തകരും ഭരണസംവിധാനങ്ങളും എപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയരായിരിക്കണം. തെറ്റും ശരിയും തിരിച്ചറിയാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാകണം. അതിന് മാധ്യമങ്ങളുടെ സാന്നിധ്യവും ഇടപെടലും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ശബരിമല ഒരു പൊതുസ്ഥലമാണ്. ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന സ്ഥലമാണ്. അവിടെ മാധ്യമങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.