കണ്ണൂരിലെ ചാവ് നിലങ്ങളില്‍ നിന്ന് ചാവേറുകളെ ശബരിമലയിലെത്തിക്കാന്‍ സിപിഎമ്മും ആര്‍എസ്എസും ശ്രമിക്കുന്നു; സ്ഥിതി സ്‌ഫോടനാത്മകമെന്ന് മുല്ലപ്പളളി 

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ സംസ്ഥാനത്ത് ശുദ്ധ ഫാസിസം നടപ്പാക്കിയിരിക്കയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
കണ്ണൂരിലെ ചാവ് നിലങ്ങളില്‍ നിന്ന് ചാവേറുകളെ ശബരിമലയിലെത്തിക്കാന്‍ സിപിഎമ്മും ആര്‍എസ്എസും ശ്രമിക്കുന്നു; സ്ഥിതി സ്‌ഫോടനാത്മകമെന്ന് മുല്ലപ്പളളി 

തിരുവനന്തപുരം: ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ സംസ്ഥാനത്ത് ശുദ്ധ ഫാസിസം നടപ്പാക്കിയിരിക്കയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയില്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് ഉളളത്. സ്‌ഫോടനാത്മകവും അതീവ സങ്കീര്‍ണവുമായ സ്ഥിതി വിശേഷമാണ് ഉള്ളത്. അത് അര്‍ഹിക്കുന്ന ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ആയിരക്കണക്കിന് പോലീസുകാരെ വിന്യസിപ്പിച്ചുകൊണ്ട് വിശ്വാസികളെ വെല്ലുവിളിക്കുകയും അടിച്ചമര്‍ത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുല്ലപ്പളളി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

 സിപിഐയും എല്‍ജെഡി നേതാവ് എം.പി വീരേന്ദ്രകുമാറും ശബരിമല വിഷയത്തിലെ പിടിവാശി ഒഴിവാക്കാന്‍ മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തണം. മാധ്യമപ്രവര്‍ത്തകരം ബുദ്ധിജീവികളും വിഷയത്തില്‍ ഇടപെടണം. മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ സി.പി.എം അനുഭാവികള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. എന്നും വിവേകപൂര്‍ണമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള സിപിഐ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. മൗനം വെടിയാന്‍ സി.പി.ഐ തയ്യാറാവണം. സി.പി.ഐയും എല്‍.ജെ.ഡിയും മാതൃകാപരമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രി സവര്‍ണ്ണ അവര്‍ണ്ണ യുദ്ധമായാണ് ശബരിമലയെ വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാനാവില്ല. ജാതി രാഷ്ട്രീയത്തിലേക്ക് വീണ്ടും വലിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണിത്. പിടിവാശിയും മര്‍ക്കട മുഷ്ടിയും ഉപേക്ഷിച്ച് സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകാന്‍ മുഖ്യമന്ത്രി തയ്യാറാവണം. കണ്ണൂരിലെ ചാവ് നിലങ്ങളില്‍ നിന്ന് ചാവേറുകള്‍ക്ക് പരിശീലനം നല്‍കി ശബരിമലയിലെത്തിക്കാനാണ് സിപിഎമ്മും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com