ചോരക്കുഞ്ഞിനെ കുറ്റിക്കാട്ടിലുപേക്ഷിച്ചത് മാനക്കേട് ഭയന്ന്: യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

ഏറെ നേരം കുറ്റിക്കാട്ടില്‍ ഉറുമ്പരിച്ച് കിടന്നിട്ടും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ചോരക്കുഞ്ഞിനെ കുറ്റിക്കാട്ടിലുപേക്ഷിച്ചത് മാനക്കേട് ഭയന്ന്: യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

കയ്പമംഗലം: ചോരക്കുഞ്ഞിനെ ജീവനോടെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി ഈഴവന്തറ വീട്ടില്‍ അനില്‍കുമാറും (38) ഭാര്യ സുമിത (32)യുമാണ് അറസ്റ്റിലായത്. പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഇവര്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്.

ഏറെ നേരം കുറ്റിക്കാട്ടില്‍ ഉറുമ്പരിച്ച് കിടന്നിട്ടും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇപ്പോള്‍ കുഞ്ഞിനെ മുളങ്കുന്നത്തുകാവ് തണല്‍ ശിശുഭവനിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിന്റെ മാതാപിതാക്കള്‍ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് കുറ്റം സമ്മതിച്ചു.

ഒക്ടോബര്‍ 28നായിരുന്നു അനില്‍കുമാറും സുമിതയും താമസിക്കുന്ന വാടകവീടിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും ഉറുമ്പരിച്ച നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. സംശയം തോന്നിയ പഞ്ചായത്തംഗവും ആശാവര്‍ക്കും ചോദിച്ചപ്പോള്‍ കുഞ്ഞ് തന്റേതല്ലെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു സുമിത. എന്നാല്‍ അവശയായ ഇവരുടെ മുറിയിലും ശുചിമുറിയിലുമുള്‍പ്പെടെ രക്തവും പ്രസവാവശിഷ്ടങ്ങളും കണ്ടതാണ് സംശയം ബലപ്പെടുത്താന്‍ കാരണം.

തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ സുമിതയും ഭര്‍ത്താവും കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ഇവരെ പിന്നീട് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

അതേസമയം പ്രസവം പുറത്തറിഞ്ഞാലുള്ള മാനക്കേട് ഭയന്നാണ് ഇവര്‍ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഗര്‍ഭനിരോധന ഉപാധികള്‍ സ്വീകരിച്ചിട്ടും ഗര്‍ഭിണിയായെന്നും ഇവര്‍ മൊഴി നല്‍കി. ഇവര്‍ക്ക് പന്ത്രണ്ടും രണ്ടര വയസും പ്രായമുള്ള വേറെയും രണ്ട് കുട്ടികളുണ്ട്. ഇവരെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ മായന്നൂരിലെ ബാലികാ സദനത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com