'ആള്‍ക്കൂട്ടത്തിന് പിന്നാലെ പോവുകയല്ല രാഷ്ട്രീയം, വേണ്ടത് ചരിത്രബോധവും  പ്രായോഗികതയും'; ബിജെപിയുടെ ശ്രമം കലാപത്തിനെന്നും വി ഡി സതീശന്‍

അയോധ്യയെ പോലെ ശബരിമലയെയും വര്‍ഗ്ഗീയധ്രുവീകരണത്തിനുള്ള ആയുധമാക്കുകയാണ് ലക്ഷ്യം. ശബരിമലയിലും സംഘപരിവാറിന് ലക്ഷ്യം വോട്ടു മാത്രമാണ്.
'ആള്‍ക്കൂട്ടത്തിന് പിന്നാലെ പോവുകയല്ല രാഷ്ട്രീയം, വേണ്ടത് ചരിത്രബോധവും  പ്രായോഗികതയും'; ബിജെപിയുടെ ശ്രമം കലാപത്തിനെന്നും വി ഡി സതീശന്‍

തൃശ്ശൂര്‍:  ആള്‍ക്കൂട്ടത്തിന്റെ പിന്നാലെ പോവുകയല്ല, രാഷ്ട്രീയ ബോധവും ചരിത്രബോധവും പ്രായോഗികതയും സമന്വയിക്കുന്ന കാഴ്ച്ചപ്പാടായിരിക്കണം  രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് വേണ്ടതെന്ന് വി ഡി സതീശന്‍ എംഎല്‍എ. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്ന ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ടയ്‌ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ ഉത്തരേന്ത്യന്‍ മോഡല്‍ കലാപം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

മാധാനത്തിലും മാനവികതയിലും തുല്യതയിലും അടിയുറച്ചു നില്‍ക്കുന്ന ഹിന്ദുമതത്തെ ചൂഷണം ചെയ്ത്, ഹിന്ദുത്വ അജണ്ടയ്ക്ക് കളമൊരുക്കുക എന്നതാണ് ബിജെപിയുടെ രാഷ്ട്രീയം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ മതേതര കേരളത്തിന് ബോധ്യമുണ്ടായിരുന്ന ചില വസ്തുതകളെ തന്നെയാണ് മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

അയോധ്യയെ പോലെ ശബരിമലയെയും വര്‍ഗ്ഗീയധ്രുവീകരണത്തിനുള്ള ആയുധമാക്കുകയാണ് ലക്ഷ്യം. 1991 മുതല്‍ സ്ഥിരമായി അയോധ്യയെന്ന പുണ്യഭൂമി, തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് മാത്രം ഉപയോഗിക്കുന്ന രാഷ്ട്രീയ കാര്‍ഡായി മാറിയിരിക്കുകയാണ്. ശബരിമലയിലും സംഘപരിവാറിന് ലക്ഷ്യം വോട്ടു മാത്രമാണ്. പ്രൊഫ: മധുസൂദനന്‍ നായര്‍ ചൊല്ലിയത് പോലെ 'വിശ്വാസവള്ളിയില്‍ കെട്ടി ദുര്‍ബലാത്മാക്കളെ, തങ്ങളില്‍ തല്ലിച്ചു തന്‍ തടം ഉറപ്പിക്കു'വാനാണ് ബി.ജെ.പി.യുടെ ശ്രമം.

ശബരിമല പ്രശ്‌നം ഏറ്റവും വൈകാരികമായി നില്‍ക്കുന്ന അവസരത്തില്‍ തന്നെ ശ്രീധരന്‍ പിള്ളയുടെ വാക്കുകളിലൂടെ ബിജെപിയുടെ ഗൂഢലക്ഷ്യം പുറത്തുവന്നത് ഒരു പക്ഷെ നിമിത്തമാകാം. ക്ഷേത്രാരാധനയിലും സനാതന തത്വങ്ങളിലും വിശ്വസിക്കുന്നവര്‍ ശ്രീധരന്‍പിള്ളയുടെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞ് ആ അജണ്ടയെ ചെറുത്ത് തോല്‍പിക്കണം. വ്യാജവാര്‍ത്തകള്‍ പോലും പ്രചരിപ്പിച്ച് ഈ വിഷയത്തെ വൈകാരികമായി ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള ബിജെപി നേതൃത്വം, കേരളത്തില്‍ ഉത്തരേന്ത്യന്‍ മോഡല്‍ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. വിദ്യാസമ്പന്നരായ മതേതര കേരളത്തിലെ ജനങ്ങള്‍ ആ കെണിയില്‍ വീണില്ല എന്നതിനാലാണ് കേരളത്തില്‍ ഒരു കലാപം പൊട്ടിപ്പുറപ്പെടാതിരുന്നത്.

ആള്‍ക്കൂട്ടത്തിന്റെ പിന്നാലെ പോവുകയല്ല, രാഷ്ട്രീയ ബോധവും ചരിത്രബോധവും പ്രായോഗികതയും സമന്വയിക്കുന്ന കാഴചപ്പാടായിരിക്കണം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടത്. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്ന എല്ലാ തരത്തിലും കോപ്പുകൂട്ടുന്ന ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ടയ്‌ക്കെതിരെ പോരാടുകയാണ് ജനാധിപത്യ വിശ്വാസികള്‍ ചെയ്യേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com