കാറ് മോഷ്ടിച്ച് ഒളിവില്‍ കഴിഞ്ഞത് ധ്യാനകേന്ദ്രത്തില്‍: പൊലീസെത്തിയപ്പോള്‍ കാട്ടിലൊളിച്ചു; വിടാതെ അതിസാഹസികമായി പിടികൂടി അന്വേഷണസംഘം

ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് വഴിയില്‍ തള്ളിയ ശേഷം കാറുമായി കടന്ന കേസിലെ പ്രതിയെ പൊലീസ് വനത്തില്‍ നിന്ന് അതിസാഹസികമായി പിടികൂടി
കാറ് മോഷ്ടിച്ച് ഒളിവില്‍ കഴിഞ്ഞത് ധ്യാനകേന്ദ്രത്തില്‍: പൊലീസെത്തിയപ്പോള്‍ കാട്ടിലൊളിച്ചു; വിടാതെ അതിസാഹസികമായി പിടികൂടി അന്വേഷണസംഘം

ആലുവ: ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് വഴിയില്‍ തള്ളിയ ശേഷം കാറുമായി കടന്ന കേസിലെ പ്രതിയെ പൊലീസ് വനത്തില്‍ നിന്ന് അതിസാഹസികമായി പിടികൂടി. രണ്ടംഗ സംഘത്തിലെ കണ്ണൂര്‍ തലശ്ശേരി കൊട്ടിയൂര്‍ നിവാസിയായ അനീഷിനെയാണ് ആലുവ പൊലീസ് പിടികൂടിയത്. 

തൃശൂരിലെ പുത്തൂരില്‍ തടവുപുള്ളികളെ മാനസാന്തരപ്പെടുത്തുന്ന സ്‌നേഹാശ്രമത്തില്‍ ധ്യാനത്തിന്റെ മറവില്‍ ഒളിവില്‍ കഴിയുകയായിരുന്നു അനീഷ്. വിവരമറിഞ്ഞ് പൊലീസ് ഇവിടെയെത്തി. പൊലീസിനെ കണ്ട ഇയാള്‍ സമീപത്തെ വനത്തിലേക്ക് ഓടി. പിന്നാലെ ഓടിയ പൊലീസ് രാത്രി മുഴുവന്‍ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ പിന്‍മാറാതെ പിറ്റേന്ന് രാവിലെ നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ ആരംഭിച്ച പൊലീസ് വനത്തിനുള്ളിലെ കെട്ടിടത്തില്‍ ഒളിച്ചിരുന്ന അനീഷിനെ പിടികൂടി. ഇയാളെ പിടികൂടാനായി കാടിന്റെ ഒരുഭാഗം മുഴുവന്‍ അന്വേഷണ സംഘം അരിച്ചുപെറുക്കി പരിശോധന നടത്തിയിരുന്നു. 

ഒക്ടോബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറായ ശിവശങ്കരന്‍ നായരെ (63) മര്‍ദിച്ചാണ് കാര്‍ തട്ടിയെടുത്തത്. കാലടിയിലേക്ക് സവാരി പോകാനെന്ന വ്യാജേനയാണ് ഒപ്പമുണ്ടായിരുന്ന യുവാവിനൊപ്പം അനീഷ് ടാക്‌സി വിളിച്ചത്. അയ്യമ്പുഴയില്‍ ആളൊഴിഞ്ഞ ഭാഗത്ത് കാര്‍ നിര്‍ത്തിച്ച ശേഷം ശിവശങ്കരനെ തലക്കടിച്ച് വീഴ്ത്തി കാറുമായി കടന്നുകളയുകയായിരുന്നു. പ്രതികള്‍ മദ്യപിക്കാന്‍ കയറിയ ബാറില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളാണ് അനീഷിനെ കുടുക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com