തന്ത്രി നുണ പറയുകയാണോ? ഒന്നും പറയാനില്ലെന്ന് ശ്രീധരന്‍ പിള്ള

തന്ത്രി നുണ പറയുകയാണോ? ഒന്നും പറയാനില്ലെന്ന് ശ്രീധരന്‍ പിള്ള
തന്ത്രി നുണ പറയുകയാണോ? ഒന്നും പറയാനില്ലെന്ന് ശ്രീധരന്‍ പിള്ള

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ തന്ത്രിയുമായി നടത്തിയെന്നു പറയുന്ന ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ഒന്നും പറയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഇക്കാര്യം കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു മറുപടിയായി ശ്രീധരന്‍ പിള്ള പറഞ്ഞു.

ആചാരം ലംഘിച്ചാല്‍ നട അടച്ചിടുമെന്നു പ്രഖ്യാപിക്കും മുമ്പ് തന്ത്രി കണ്ഠര് രാജീവര് തന്നെ വിളിച്ചു ചോദിച്ചിരുന്നുവെന്ന ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ശ്രീധരന്‍ പിള്ള ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാദമായതിനു പിന്നാലെ തന്ത്രി നിയമോപദേശം തേടുകയാണ് ചെയ്തതെന്ന വിശദീകരണമായി പിള്ള രംഗത്തുവന്നു. എന്നാല്‍ ശ്രീധരന്‍ പിള്ളയില്‍നിന്നു നിയമോപദേശം തേടിയിട്ടില്ലെന്നാണ് തന്ത്രി പ്രതികരിച്ചത്. ഇക്കാര്യത്തില്‍ കുടുംബാംഗങ്ങളോടു മാത്രമാണ് ചര്‍ച്ച നടത്തിയതെന്നും തന്ത്രി വിശദീകരിച്ചു.  ഈ സാഹചര്യത്തിലാണ് പത്തനംതിട്ടയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദ്യങ്ങള്‍ ഉന്നയിച്ചത്.

എത്ര വട്ടം ചോദിച്ചാലും ഇക്കാര്യത്തില്‍ തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. തന്ത്രി നുണ പറയുകയാണോയെന്ന ചോദ്യത്തിനും അതേ ഉത്തരം. ഇടയ്ക്ക് ഒരു തവണ, ഒരാള്‍ക്കു നിയമോപദേശം നല്‍കാന്‍ തനിക്ക് അവകാശമില്ലേയെന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു.

ശബരിമലയില്‍ മനുഷ്യാവകാശ ലംഘനാണ് നടക്കുന്നതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കിയതായും ശ്രീധരന്‍ പിള്ള പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഎം ഫ്രാക്ഷന്‍ ഉണ്ടെന്ന ആക്ഷേപം അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ പറയാന്‍ തയാറായില്ല. സിപിഎം പ്രതികരിക്കുകയാണെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്ന് ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയെന്ന വിവാദത്തില്‍ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ മറുപടി. വത്സന്‍ തില്ലങ്കേരി ബിജെപിയില്‍ ആരുമല്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com