സ്വകാര്യ വാഹനത്തിലെത്തിയ നേതാക്കളെ തടഞ്ഞു ; നിലയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റം

ഭക്തജനങ്ങളെ പൊലീസ് അനാവശ്യമായി പീഡിപ്പിക്കുകയാണെന്നും വിഐപി വാഹനങ്ങള്‍ കടത്തി വിടുന്നുണ്ടെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

നിലയ്ക്കല്‍: സ്വകാര്യ വാഹനത്തില്‍ പമ്പയിലേക്ക് കടക്കാന്‍ അനുവദിക്കണമെന്ന് ബിജെപി നേതാക്കളുടെ ആവശ്യം പൊലീസ് നിരസിച്ചതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ വാക്കേറ്റം. സ്വകാര്യ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്നും വേണമെങ്കില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്ക് പോകാമെന്നുമായിരുന്നു പൊലീസ് നിലപാട്. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞതോടെ പ്രവര്‍ത്തകര്‍ പൊലീസിനെതിരെ തിരിയുകയായിരുന്നു.  വാഹനങ്ങള്‍ കടത്തിവിടാതെ പിന്‍മാറില്ലെന്ന് പറഞ്ഞുവെങ്കിലും കെസ്ആര്‍ടിസി ബസില്‍ ബിജെപി നേതാക്കള്‍ പിന്നീട്  പമ്പയിലേക്ക് പോയി.

ഭക്തജനങ്ങളെ പൊലീസ് അനാവശ്യമായി പീഡിപ്പിക്കുകയാണെന്നും  വിഐപി വാഹനങ്ങള്‍ കടത്തി വിടുന്നുണ്ടെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു. എന്ത് നിയമപ്രകാരമാണ് വാഹനങ്ങള്‍ തടയുന്നതെന്നും ബുദ്ധിമുട്ട് സൃഷ്ടിച്ച് ഭക്തരെ ക്ഷേത്രത്തില്‍ നിന്ന് അകറ്റാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

നിലയ്ക്കലില്‍ ഇന്നലെ മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഉച്ചയോടെ മാത്രമാണ് ഭക്തരെ പമ്പയിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങിയത്. ആദ്യം കാല്‍നടയാത്രക്കാരെയും പിന്നീട് വാഹനങ്ങളും കടത്തിവിട്ടിരുന്നു. എന്നാല്‍ വലിയ തോതില്‍ പ്രതിഷേധക്കാരെത്തി പമ്പയില്‍ നിലയുറപ്പിച്ചതോടെയാണ് സ്വകാര്യ വാഹനങ്ങളുടെ നിയന്ത്രണം കര്‍ശനമാക്കിയത്. 
ഇന്ന് സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയ സ്ത്രീകള്‍ക്ക് നേരെ വലിയ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് ആന്ധ്രാ സ്വദേശികളായ ആറ് സ്ത്രീകള്‍ മടങ്ങിയിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ ഭക്തയെ തടയുകയും കയ്യേറ്റം ചെയ്യുകയുമുണ്ടായെങ്കിലും പിന്നീട് അവര്‍ ദര്‍ശനം നടത്തി മടങ്ങിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com