സെക്രട്ടേറിയേറ്റ് ഓഫീസ് അറ്റന്‍ഡന്റ് വിജ്ഞാപനം ഉടന്‍; ഒഴിവുകള്‍ ഈ മാസം തന്നെ റിപ്പോര്‍ട്ട് ചെയ്യും, ഉയര്‍ന്ന യോഗ്യതയുളളവര്‍ക്കും അവസരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th November 2018 06:10 AM |
Last Updated: 07th November 2018 06:10 AM | A+A A- |

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ഓഫീസ് അറ്റന്‍ഡന്റ് വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കാന്‍ നീക്കം. ഒഴിവുകള്‍ ഈ മാസംതന്നെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുഭരണ വകുപ്പ് തീരുമാനിച്ചു. പുതിയ കേഡറായതിനാല്‍ ഒരൊഴിവായിരിക്കും റിപ്പോര്‍ട്ട് ചെയ്യുക. പ്രതീക്ഷിത ഒഴിവുകള്‍ കണക്കാക്കി വിജ്ഞാപനം തയ്യാറാക്കാനുള്ള നിര്‍ദേശം പി.എസ്.സിക്ക് കൈമാറും. ഒഴിവ് റിപ്പോര്‍ട്ട് ചെയ്താല്‍ ഒരു മാസത്തിനുള്ളില്‍ വിജ്ഞാപനം തയ്യാറാക്കാനാകുമെന്നാണ് പി.എസ്.സി. അധികൃതര്‍ അറിയിച്ചത്. അങ്ങനെയെങ്കില്‍ ഡിസംബറില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും.
യോഗ്യത എസ്.എസ്.എല്‍.സിയോ തത്തുല്യ വിജയമോ ആണ്. 18-36 ആയിരിക്കും പ്രായപരിധി. ഉയര്‍ന്ന യോഗ്യത അയോഗ്യതയാകില്ല. അതിനാല്‍ ബിരുദധാരികള്‍ക്കും അപേക്ഷിക്കാനാകും. വിവിധ വകുപ്പുകളിലെ ജില്ലാതല ലാസ്റ്റ് ഗ്രേഡ് റാങ്ക്പട്ടികകളില്‍ നിന്നാണ് സെക്രട്ടേറിയറ്റിലെ തസ്തികകളിലേക്ക് നിയമനം നടത്തിയിരുന്നത്. ആസ്ഥാന ഒഴിവുകളായി കണക്കാക്കി എല്ലാ ജില്ലകളിലേയും റാങ്ക്പട്ടികകളില്‍ നിന്ന് ക്രമം അനുസരിച്ചായിരുന്നു നിയമനം. ഇത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഏറെ പരാതിയുണ്ടായി. സെക്രട്ടേറിയറ്റില്‍ ജോലി ലഭിക്കുന്നവര്‍ അവിടെ തുടരാതെ മാതൃജില്ലയിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോകുന്നത് പതിവായി. ഇത് കണക്കിലെടുത്താണ് സെക്രട്ടേറിയറ്റിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയ്ക്ക് പ്രത്യേകം കേഡര്‍ രൂപവത്കരിച്ചത്. ഇത് സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വീസില്‍ ഉള്‍പ്പെടുത്തി 2016 ഫെബ്രുവരി നാലിന് ചട്ടം ഭേദഗതി ചെയ്തു. ഈ തസ്തികയെ കേരള ലാസ്റ്റ് ഗ്രേഡ് സര്‍വീസില്‍നിന്ന് ഒഴിവാക്കി 2018 ഏപ്രില്‍ 24ന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയാണ് അടുത്ത നടപടി. അത് ബന്ധപ്പെട്ട വകുപ്പില്‍ ആരംഭിച്ചിട്ടുണ്ട്.
മൂന്നുവര്‍ഷ കാലാവധിയില്‍ സാധാരണ 500 ഓഫീസ് അറ്റന്‍ഡന്റുമാര്‍ക്ക് സെക്രട്ടേറിയറ്റില്‍ നിയമനം ലഭിക്കാറുണ്ട്. യോഗ്യത പത്താംക്ലാസ് വിജയമാക്കി ഉയര്‍ത്തിയതിനാല്‍ ശമ്പള സ്‌കെയിലിലും വ്യത്യാസമുണ്ട്.