കൂലി ചോദിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണി: ആറ് തണ്ടര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കെതിരെ കേസ്

കലൂര്‍ സ്റ്റേഡിയത്തില്‍ ദിവസക്കൂലിക്കായിരുന്നു വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്തിരുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: വിദ്യാര്‍ത്ഥികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത ആറ് തണ്ടര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കെതിരെ കേസ്. കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്നത ദിവസങ്ങളില്‍ സുരക്ഷ ജോലി ചെയ്ത വിദ്യാര്‍ത്ഥികള്‍ കൂലി ചോദിച്ചപ്പോഴാണ് സ്വകാര്യ സുരക്ഷാ ഏജന്‍സി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്.

കലൂര്‍ സ്റ്റേഡിയത്തില്‍ ദിവസക്കൂലിക്കായിരുന്നു വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്തിരുന്നത്. കളി കഴിഞ്ഞ് കൂലി ചോദിച്ചപ്പോഴായിരുന്നു സെക്യൂരിറ്റി ഏജന്‍സിയായ തണ്ടര്‍ഫോഴ്‌സിലെ ജീവനക്കാര്‍ തോക്കുചൂണ്ടി ഭയപ്പെടുത്തി മര്‍ദിച്ചത്. ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതേതുടര്‍ന്ന് അക്രമികളായ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു.

കലൂര്‍ സ്റ്റേഡിയത്തിലെ ഐഎസ്എല്‍ മത്സരങ്ങളുടെ ചുമതല തണ്ടര്‍ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിക്കാണ്. ഇവര്‍ കഴി നടക്കുന്ന ദിവസങ്ങളില്‍ കുറഞ്ഞ കൂലി നല്‍കി കോളജ് വിദ്യാര്‍ത്ഥികളെ ജോലിക്ക് വെക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കളി കഴിഞ്ഞ ശേഷം വിദ്യാര്‍ത്ഥികള്‍ കൂലി ചോദിച്ചപ്പോള്‍ ഏജന്‍സി പണം നല്‍കാന്‍ തയാറായില്ല. ഇത് ചോദ്യം ചെയ്തവരെയാണ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. സംഭവം അറിഞ്ഞ് സ്റ്റേഡിയത്തില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചത്. 

തണ്ടര്‍ഫോഴ്‌സ് ജീവനക്കാരെക്കുറിച്ച് നേരത്തെയും ആക്ഷേപമുണ്ടായിരുന്നു. ഇവര്‍ കളി കാണാനെത്തുന്ന ആളുകളോട് മോശമായി പതിവായി പെരുമാറുന്നുവെന്ന് പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കളി കാണാനെത്തിയ ബെംഗളൂരു ടീം അധികൃതരെ തിരിച്ചറിയല്‍ രേഖയില്ലാത്തതിന്റെ പേരില്‍ ഇവര്‍ അകത്തേക്ക് കയറ്റിവിട്ടിരുന്നില്ല. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടാണ് ഇവരെ അകത്തേക്ക് കയറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com