കെ.ടി ജലീലിന്റെ ബന്ധുനിയമനം ധനവകുപ്പ് അറിഞ്ഞില്ല; നിയമനം അനുബന്ധ ഫയലുണ്ടാക്കി

മന്ത്രി നേരിട്ടു നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ സെക്രട്ടറിയാണു കഴിഞ്ഞ ഒക്ടോബര്‍ 8നു നിയമന ഉത്തരവിറക്കിയത്
കെ.ടി ജലീലിന്റെ ബന്ധുനിയമനം ധനവകുപ്പ് അറിഞ്ഞില്ല; നിയമനം അനുബന്ധ ഫയലുണ്ടാക്കി

തിരുവനന്തപുരം; ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീലിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി പുതിയ റിപ്പോര്‍ട്ട്. ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് മന്ത്രി ബന്ധുനിയമനം നടത്തിയിരിക്കുന്നത്. നിയമന അംഗീകാരത്തിനുള്ള ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലിരിക്കെയാണ് മന്ത്രി മറ്റൊരു അനുബന്ധ ഫയലുണ്ടാക്കി (പാര്‍ട്ട് ഫയല്‍) ബന്ധുവിനെ നിയമിച്ചത്. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി തന്റെ ബന്ധുവിനെ നിയമിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 

മന്ത്രി നേരിട്ടു നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ സെക്രട്ടറിയാണു കഴിഞ്ഞ ഒക്ടോബര്‍ 8നു നിയമന ഉത്തരവിറക്കിയത്. ഒരു വിഷയത്തിലുള്ള പ്രധാന ഫയല്‍ കോടതി നടപടികളിലോ തിരിച്ചെടുക്കാനാകാത്ത മറ്റെന്തെങ്കിലും സാഹചര്യങ്ങളിലോ ആണെങ്കില്‍ മാത്രമേ പാര്‍ട്ട് ഫയല്‍ ഇറക്കാവൂ എന്നാണു നിയമം.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ സ്വയംഭരണാധികാര സ്ഥാപനമല്ലാത്തതിനാല്‍ പഴ്‌സനേല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ അനുമതിയും ആവശ്യമാണ്. മന്ത്രിയുടെ ബന്ധു കെ.ടി.അദീബിന്റെ ഡപ്യൂട്ടേഷന്‍ നിയമനം പഴ്‌സനേല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ ശുപാര്‍ശയ്ക്കു പോലും അയച്ചിട്ടില്ല. ഡപ്യൂട്ടേഷന് അപേക്ഷിക്കുന്നവര്‍ അപേക്ഷയ്‌ക്കൊപ്പം തന്നെ സ്വന്തം സ്ഥാപനത്തില്‍നിന്നുള്ള നിരാക്ഷേപ പത്രം സമര്‍പ്പിക്കണമെന്നാണു നിയമം. അദീബിന് ഇതിലും ഇളവു നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com