കൊടി പിടിക്കാത്ത ഒരാളെ വേണ്ട; ശബരീനാഥ് എംഎല്‍എക്കെതിരെ യൂത്ത് കോൺ​ഗ്രസ്

കെഎസ് ശബരീനാഥ് എംഎല്‍എയെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതിനെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തര്‍ക്കം
കൊടി പിടിക്കാത്ത ഒരാളെ വേണ്ട; ശബരീനാഥ് എംഎല്‍എക്കെതിരെ യൂത്ത് കോൺ​ഗ്രസ്

തിരുവനന്തപുരം: കെഎസ് ശബരീനാഥ് എംഎല്‍എയെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതിനെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തര്‍ക്കം. ഇന്ദിരാഭവനില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസിലെ ഐ, എ ഗ്രൂപ്പ് പോര്. 

ഇന്നുവരെ യൂത്ത് കോണ്‍ഗ്രസിന്റ കൊടി പിടിക്കാത്ത ഒരാളെ ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ലെന്നായിരുന്നു എ ഗ്രൂപ്പിന്റെ ആക്ഷേപം. ഇക്കാര്യം ഗ്രൂപ്പ് തലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചോളും എന്നായിരുന്നു ഐ ​ഗ്രൂപ്പിന്റെ മറുപടി. 

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷാഫി പറമ്പിലിനെതിരെ ഐ ഗ്രൂപ്പ് ശബരീനാഥനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. ഇതാണ് ശബരീനാഥന്റെ പ്രവര്‍ത്തന പാരമ്പര്യം ചോദ്യം ചെയ്യാന്‍ എ ഗ്രൂപ്പിനെ പ്രേരിപ്പിച്ചത്. പതിനായിരക്കണക്കിന് യൂത്ത് കോണ്‍ഗ്രസുകാരുടെ ചോരയും നീരും വീണ മണ്ണായ തിരുവനന്തപുരത്തുനിന്ന് യൂത്ത് കോണ്‍ഗ്രസ് കൊടിപോലും പിടിക്കാത്ത ഒരാള്‍ സംഘടനയുടെ തലപ്പത്തേക്ക് മല്‍സരിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു എ ഗ്രൂപ്പ് വാദം. 

ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട വേദി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയല്ലെന്നായിരുന്നു ഐ ​ഗ്രൂപ്പ് മറുപടി. ഇക്കാര്യം ഗ്രൂപ്പ് തലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചോളും. എല്ലാം കേട്ടിരുന്ന മുല്ലപ്പള്ളി പുനഃസംഘടനയില്‍ യൂത്ത് കോണ്‍ഗ്രസിലെ അര്‍ഹര്‍ക്ക് കെപിസിസി ഭാരവാഹിത്വം നല്‍കുമെന്ന്  ഉറപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് അംഗത്വ വിതരണം 19ന് പൂര്‍ത്തിയാക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം  തെരഞ്ഞെടുപ്പ്  മതിയെന്ന കെപിസിസി നേതൃത്വത്തിന്റ നിലപാട് യോഗം അംഗീകരിച്ചു.  ഇക്കാര്യം രാഹുല്‍ഗാന്ധിയേയും യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തേയും ഉടന്‍ അറിയിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com