ചോരയൊലിപ്പിച്ചു കിടന്ന സനല്‍കുമാറിനെയും കൊണ്ട് പൊലീസ് ആദ്യം പോയത് സ്‌റ്റേഷനിലേക്ക്; ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി മരണം

ആരോഗ്യസ്ഥിതി മോശമാണെന്ന് തോന്നിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്
ചോരയൊലിപ്പിച്ചു കിടന്ന സനല്‍കുമാറിനെയും കൊണ്ട് പൊലീസ് ആദ്യം പോയത് സ്‌റ്റേഷനിലേക്ക്; ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി മരണം


കൊച്ചി; ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടതിനെത്തുടര്‍ന്ന് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. കാറിടിച്ച് ഗുരുതരമായി കിടന്ന സനല്‍കുമാറിനെ ആശുപത്രിയില്‍ എത്തിക്കാതെ ആദ്യം കൊണ്ടുപോയത് പൊലീസ് സ്റ്റേഷനിലേക്ക്. പിന്നീട് സനലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് തോന്നിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 

കാറിടിച്ച് പരുക്കേറ്റു കിടക്കുന്ന സനല്‍കുമാറിനെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ നോക്കാതെ അവിടെ നിന്ന് രക്ഷപ്പെടാനാണ് ഡിവൈഎസ്പി ഹരികുമാര്‍ നോക്കിയത്. തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവം അറിഞ്ഞെത്തിയ എസ്‌ഐ. എസ്.സന്തോഷ്‌കുമാര്‍ ആംബുലന്‍സ് വരുത്തി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ പോലീസുകാര്‍ സനല്‍കുമാറുമായി പോലീസ് സ്‌റ്റേഷനിലേക്കാണ് പോയത്. ഈ സമയമത്രയും മരണത്തോടു മല്ലിടുകയായിരുന്നു ആംബുലന്‍സില്‍ സനല്‍കുമാര്‍.

വാരിയെല്ലിനും കൈയ്ക്കും പൊട്ടലേറ്റ സനല്‍കുമാറിനെ സ്‌റ്റേഷനു മുന്നില്‍ ആംബുലന്‍സില്‍ കിടത്തുന്നതു പന്തിയല്ലെന്നു കണ്ടാണ് പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചത്. അവിടെയെത്തുമ്പോഴേക്കും സനല്‍കുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. സനല്‍കുമാറിനെ കണ്ടമാത്രയില്‍ എത്രയുംപെട്ടെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാനാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

പിന്നീടാണ് സനല്‍കുമാറുമായി ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്കു പാഞ്ഞത്. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെത്തിക്കുമ്പോള്‍ സനല്‍കുമാര്‍ മരിച്ചിരുന്നു. ഡിവൈഎസ്പി ഉള്‍പ്പെട്ട സംഭവമായതിനാല്‍ പോലീസുകാര്‍ സനല്‍കുമാറിന്റെ ജീവന്‍ രക്ഷിക്കുന്ന കാര്യത്തില്‍ അലംഭാവം കാണിച്ചെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

വലിയ പ്രതിഷേധമാണ് സംഭവത്തിനെതിരേ ഉയരുന്നത്. ഡിവൈഎസ്പി ഹരികുമാറിനെതിനെ സസ്‌പെന്‍ഡ് ചെയ്തു. അയാള്‍ക്കെതിരേ കൊലക്കേസ് ചുമത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com