തീവ്രസ്വഭാവമുള്ള ​ഗ്രൂപ്പുകൾ എത്തുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു ; സുരക്ഷ ഒരുക്കിയത് കേന്ദ്ര നിർദേശ പ്രകാരം, സർക്കാർ ഹൈക്കോടതിയിൽ

ശബരിമലയിൽ മാധ്യമപ്രവർത്തകരെയും വിശ്വാസികളെയും തടഞ്ഞിട്ടില്ല
തീവ്രസ്വഭാവമുള്ള ​ഗ്രൂപ്പുകൾ എത്തുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു ; സുരക്ഷ ഒരുക്കിയത് കേന്ദ്ര നിർദേശ പ്രകാരം, സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ് അനുസരിച്ചാണ് ശബരിമലയിൽ സുരക്ഷ ശക്തമാക്കിയതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തീവ്രസ്വഭാവമുള്ള ചില വിഭാഗങ്ങൾ ശബരിമലയിൽ എത്തിയേക്കാമെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ് ലഭിച്ചത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള ചിലർ എത്തുമെന്നാണ് സൂചിപ്പിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ചില മുൻ കരുതലുകൾ എടുത്തതൊഴിച്ചാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

ശബരിമലയിൽ മാധ്യമപ്രവർത്തകരെയും വിശ്വാസികളെയും തടഞ്ഞിട്ടില്ല. മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായിരുന്നു നടപടി. സമാധാനപരമായ തീർത്ഥാടനംഉറപ്പാക്കാനായിരുന്നു പൊലീസ് വിന്യാസം. സ്വകാര്യ ചാനൽ നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ സത്യവാം​ഗ്മൂലം സമർപ്പിച്ചത്. 

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ വനിതാ മാധ്യമപ്രവർത്തകരെ അടക്കം പ്രതിഷേധക്കാർ ആക്രമിച്ചിരുന്നു. ഇതേത്തുടർന്നാണ് കൂടുതൽ സുരക്ഷ ഒരുക്കിയത്. എന്നാൽ സുരക്ഷയുടെ പേരിൽ ഭക്തർക്കോ മാധ്യമങ്ങൾക്കോ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരി​ഗണിക്കും. 

ശബരിമലയിൽ ചിത്തിര ആട്ട വിശേഷ പൂജാ ഒരുക്കങ്ങളോ സുരക്ഷാ സംവിധാനങ്ങളോ റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമങ്ങളെ അനുവദിച്ചില്ല എന്നാണ് ചാനൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചത്. നട തുറക്കുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരെ നിലയ്ക്കൽ കടന്നു പോകുന്നതിനു പൊലീസ് അനുവദിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ മാധ്യമ വിലക്കില്ലെന്നും,  സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായ ശേഷം  പമ്പയിലേക്കു മാധ്യമങ്ങളെ കടത്തിവിടുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com