യുവാവിന്റെ കൊലപാതകം : ഡിവൈഎസ്പി തമിഴ്നാട്ടിലേക്ക് കടന്നു ? ; പ്രതിയെ തേടി പൊലീസ് മധുരയിലേക്ക്

കേസിൽ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. രണ്ട് സിഐമാരെയും ഷാഡോ പൊലീസിനെയും ഉൾപ്പെടുത്തി
യുവാവിന്റെ കൊലപാതകം : ഡിവൈഎസ്പി തമിഴ്നാട്ടിലേക്ക് കടന്നു ? ; പ്രതിയെ തേടി പൊലീസ് മധുരയിലേക്ക്

തിരുവനന്തപുരം:  നെയ്യാറ്റിൻകരയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. ഇയാളെ പിടികൂടാന്‍ അന്വേഷണസംഘം മധുരയിലേക്ക് തിരിച്ചു. കേസിൽ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. രണ്ട് സിഐമാരെയും ഷാഡോ പൊലീസിനെയും ഉൾപ്പെടുത്തി. 10 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.

ഒളിവിൽ പോയ പ്രതിക്കു വേണ്ടി ഇതുവരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടില്ല. പ്രതിക്കുവേണ്ടി ഒരു ദിവസം കൂടി കാത്തിരിക്കാനാണ് പൊലീസിന്റെ തീരുമാനമെന്നും റിപ്പോർട്ടുണ്ട്.  കീഴടങ്ങണമെന്നും അന്വേഷണത്തോടു സഹകരിക്കണമെന്നും ബന്ധുക്കൾ വഴി പ്രചിയോട്യാ പൊലീസ് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകളുണ്ട്. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മരിച്ച സനലിന്റെ ഭാര്യ വിജിയും അഭിപ്രായപ്പെട്ടിരുന്നു. 

കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ റോഡിലെ തർക്കത്തെ തുടർന്ന് ഡിവൈഎസ്പി ഹരികുമാർ യുവാവിനെ കാറിന് മുന്നിലേക്ക് പിടിച്ച് തള്ളി കൊലപ്പെടുത്തിയത്. കാവുവിള സ്വദേശി സനൽകുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ഹരികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു.

ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ട സനലിനെ എതിരെ വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ജീവനുണ്ടായിരുന്ന സനലിനെ ആംബുലൻസിൽ പൊലീസ് നെയ്യാറ്റിൻകര സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ട് പോയതെന്നും നാട്ടുകാർ ആരോപിച്ചു. ഡിവൈഎസ്പിക്കെതിരെ നടപടി ആവശ്യപ്പെട്ട്  നാട്ടുകാർ ഇന്നലെ റോഡ് ഉപരോധിച്ചിരുന്നു. സമീപത്തെ കടയിലെ സിസിടിവിയിൽ കൊലപാതകദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com