കാക്കിയുടെ ബലത്തില്‍ ജനങ്ങളോട് കൈക്കരുത്ത് കാട്ടിയാല്‍ സേനയിലുണ്ടാവില്ല; പൊലീസിന് സര്‍ക്കാര്‍ മുന്നറിയിപ്പ്

കാക്കിയുടെ ബലത്തില്‍ ജനങ്ങളോട് കൈക്കരുത്ത് കാട്ടുന്നവര്‍ സേനയിലുണ്ടാവില്ലെന്ന് പൊലീസിന്  മുന്നറിയിപ്പുമായി സര്‍ക്കാര്‍
കാക്കിയുടെ ബലത്തില്‍ ജനങ്ങളോട് കൈക്കരുത്ത് കാട്ടിയാല്‍ സേനയിലുണ്ടാവില്ല; പൊലീസിന് സര്‍ക്കാര്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കാക്കിയുടെ ബലത്തില്‍ ജനങ്ങളോട് കൈക്കരുത്ത് കാട്ടുന്നവര്‍ സേനയിലുണ്ടാവില്ലെന്ന് പൊലീസിന്  മുന്നറിയിപ്പുമായി സര്‍ക്കാര്‍. തിരുവനന്തപുരത്ത് ഡിവൈഎസ്പി കൊലക്കേസില്‍ പ്രതിയായതിന് പിന്നാലെയാണ് സേനയ്ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത് വന്നത്. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായാല്‍ തലയില്‍ തൊപ്പിയുണ്ടാവില്ല. ജനപക്ഷത്തു നിന്ന് മാന്യമായ പെരുമാറ്റം ഉറപ്പാക്കണമെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ചുള്ള പോക്ക് അവസാനിപ്പിക്കണം. ഏതുഘട്ടത്തിലും സേനാംഗങ്ങള്‍ മാന്യത കൈവിടരുത്- കുഴപ്പക്കാരായ പൊലീസുകാര്‍ക്ക് സര്‍ക്കാര്‍ സന്ദേശം നല്‍കുന്നു. 

വാരാപ്പുഴയിലും കോട്ടയത്തും വീഴ്ച വരുത്തിയവര്‍ അറസ്റ്റിലായിട്ടും ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷ കിട്ടിയിട്ടും ഒരുവിഭാഗം പൊലീസുകാര്‍ നല്ലപാഠം പഠിക്കുന്നില്ല. നെയ്യാറ്റിന്‍കരയില്‍ 32കാരന്‍ കാര്‍ കയറി കൊല്ലപ്പെട്ട കേസില്‍ പ്രതിയാക്കപ്പെട്ടത് ക്രമസമാധാനചുമതലയുള്ള ഡിവൈഎസ്പിയാണ്. കൃത്യനിര്‍വഹണത്തിലെ വീഴ്ചയുടെ പേരില്‍ മൂന്നു ഡസനോളം പൊലീസുകാര്‍ സസ്‌പെന്‍ഷനിലാണ്. എസ്.ഐമാര്‍ അടക്കം കേസില്‍ പ്രതികളാവുന്നു. വകുപ്പുതല അന്വേഷണവും മറ്റ് കുരുക്കുകളുമുണ്ട്. എന്നിട്ടും പൊലീസിലെ ക്രിമിനലുകള്‍ വര്‍ദ്ധിക്കുകയാണ്. 

ഉരുട്ടിക്കൊലക്കേസില്‍ പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ തെറ്റുതിരുത്തല്‍ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനിടെയാണ് ഡിവൈഎസ്പി കൊലക്കേസില്‍ പ്രതിയാക്കപ്പെട്ടത്. സര്‍ക്കാരിന്റെ പൊലീസ് നയത്തിന് അനുസരിച്ചാവണം പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവും. നിയമത്തിലെ ഏറ്റവും ശക്തമായ വകുപ്പുകള്‍ പ്രകാരമുള്ള നടപടിയാവും കുഴപ്പക്കാര്‍ക്കെതിരേ കൈക്കൊള്ളുക. പിരിച്ചുവിടല്‍ മാത്രമല്ല, നിയമപ്രകാരം ചെയ്യാവുന്നതെല്ലാം ചെയ്യും-മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com