വന്നത് 7300 പേര്‍ ; യഥാര്‍ത്ഥ ഭക്തര്‍ 200 മാത്രം , പൊലീസിന്റെ വിലയിരുത്തല്‍ ഇങ്ങനെ

ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയിലെത്തിയത് 7300 പേരാണ്. ഇതില്‍ 200 പേര്‍ മാത്രമാണ് ഭക്തരെന്ന് പൊലീസ് വിലയിരുത്തല്‍
വന്നത് 7300 പേര്‍ ; യഥാര്‍ത്ഥ ഭക്തര്‍ 200 മാത്രം , പൊലീസിന്റെ വിലയിരുത്തല്‍ ഇങ്ങനെ

തിരുവനന്തപുരം : ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയിലെത്തിയത് 7300 പേരാണ്. ഇതില്‍ 200 പേര്‍ മാത്രമാണ് യഥാര്‍ത്ഥ ഭക്തരെന്ന് പൊലീസ് വിലയിരുത്തല്‍. ശേഷിക്കുന്ന 7000 ലേറെ പേര്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിവിധ ഹിന്ദു ഗ്രൂപ്പുകളുടെയും പ്രവര്‍ത്തകരോ, അവരുടെ പ്രേരണയില്‍ എത്തിയവരോ ആണെന്നാണ് പൊലീസിന്റെ വിലയിരുത്തലില്‍ കണ്ടെത്തിയതെന്ന് പ്രമുഖ ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ പൊലീസുമായി സംഘര്‍ഷമുണ്ടാക്കിയവര്‍, ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നട തുറന്നപ്പോള്‍ വീണ്ടും എത്തിയിരുന്നതായും പൊലീസ് വിലയിരുത്തി. പൊലീസിന്റെ ഫെയ്‌സ് റെക്കഗ്നീഷന്‍ സോഫ്റ്റ് വെയറില്‍ ഇവര്‍ വീണ്ടും ശബരിമലയില്‍ എത്തിയിരുന്നതായി തെളിഞ്ഞതായാണ് സൂചന. 

മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ഈ മാസം 16 ന് വീണ്ടും നട തുറക്കുമ്പോള്‍ ഇവര്‍ വീണ്ടും എത്തിയേക്കാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കടുത്ത നിരീക്ഷണത്തില്‍ വെക്കാനാണ് പൊലീസിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അറസ്റ്റിലായവര്‍ ജാമ്യത്തിലിറങ്ങി ഇരുമുടിക്കെട്ടുമായി നിയമപരമായി ശബരിമലയിലെത്തിയാല്‍ തടയാനാവില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. 

നവംബര്‍ 16 ന് മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ കൂടുതല്‍ സേനയെ ശബരിമലയില്‍ വിന്യസിക്കാനാണ് പൊലീസ് നേതൃത്വത്തിന്റെ തീരുമാനം. അതിനിടെ ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള റിവ്യൂ ഹര്‍ജികള്‍ നവംബര്‍ 13 ന് സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com