കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിലേക്കുള്ള വിജ്ഞാപനം അടുത്ത മാസം; സ്‌കീമും സിലബസും പിഎസ്‌സി തീരുമാനിക്കും

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിലേക്കുള്ള(കെഎഎസ്) പിഎസ്‌സി വിജ്ഞാപനം അടുത്ത മാസം ഉണ്ടാകും
കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിലേക്കുള്ള വിജ്ഞാപനം അടുത്ത മാസം; സ്‌കീമും സിലബസും പിഎസ്‌സി തീരുമാനിക്കും

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിലേക്കുള്ള(കെഎഎസ്) പിഎസ്‌സി വിജ്ഞാപനം അടുത്ത മാസം ഉണ്ടാകും. കെഎഎസ് നിയമനത്തിനു തടസ്സമായി നിന്ന രണ്ടു കാര്യങ്ങളിലും പിഎസ്‌സി നിലപാട് സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തിലാണു നിയമന നടപടി ആരംഭിക്കുന്നത്.ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുന്ന വിജ്ഞാപനമാണിത്. 

കെഎഎസ് നിലവില്‍ വന്നതായി ഉത്തരവിറക്കിയിട്ടു മാസങ്ങളായെങ്കിലും നിയമനം സാധിച്ചിരുന്നില്ല.മൂന്നു വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണു നിയമിക്കുക. പൊതു വിഭാഗം, സര്‍വീസിലുള്ള ബിരുദധാരികള്‍, ഗസറ്റഡ് ഓഫിസര്‍മാര്‍. ഇതില്‍ പൊതുവിഭാഗത്തില്‍ സംവരണം ഉണ്ടാകും. നിലവില്‍ സര്‍വീസിലുള്ളവരെ കെഎഎസിലേക്ക് എടുക്കുന്ന രണ്ടും മൂന്നും വിഭാഗങ്ങളില്‍ സംവരണമില്ല. സര്‍ക്കാര്‍ സര്‍വീസില്‍ കയറുമ്പോള്‍ ഒരു തവണയേ സംവരണം പാടുള്ളൂ എന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഈ നിലപാട് പിഎസ്‌സി സ്വീകരിച്ചത്.

ഇതിനെതിരെ പട്ടിക വിഭാഗ കമ്മിഷന്‍ ഉത്തരവിറക്കുകയും ചിലര്‍ കോടതിയില്‍ പോവുകയും ചെയ്തുവെങ്കിലും സുപ്രീം കോടതി വിധി അനുസരിച്ചു നടപടി എടുക്കാനാണു സര്‍ക്കാര്‍ തീരുമാനം. കെഎഎസ് പരീക്ഷയുടെ സ്‌കീമും സിലബസും പിഎസ്‌സിയുമായി ആലോചിച്ചു സര്‍ക്കാര്‍ തീരുമാനിക്കുമെന്ന വ്യവസ്ഥ സ്‌പെഷല്‍ റൂളില്‍ അവസാന നിമിഷം തിരുകിക്കയറ്റിയതിനെ പിഎസ്‌സി എതിര്‍ത്തിരുന്നു. പരീക്ഷകളുടെ പൂര്‍ണ ഉത്തരവാദിത്തം പിഎസ്‌സിക്കാണെന്നും അല്ലാത്ത വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്നും അവര്‍ നിലപാടെടുത്തു. ഇതും സര്‍ക്കാര്‍ അംഗീകരിച്ചു. സ്‌കീമും സിലബസും പിഎസ്‌സി തീരുമാനിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com