ബാഴ്സലോണയല്ല കുമരകമാണ് ബെസ്റ്റ്; ടൂറിസത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം കേരളത്തിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2018 03:30 PM  |  

Last Updated: 09th November 2018 03:30 PM  |   A+A-   |  

 

മികച്ച വിനോദ സഞ്ചാര കേന്ദ്രത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം സ്വന്തമാക്കി കേരളം. കോട്ടയം ജില്ലയിലെ കുമരകത്തിനും പുര്‌സകാരം നേടാന്‍ സാധിച്ചത് കേരളത്തിന് ഇരട്ടി മധുരമായി. ലോകത്തിലെ ഏറ്റവും മികച്ച ഉത്തരവാദിത്ത ടൂറിസത്തിനുള്ള പുരസ്‌കാരമായ ഗോള്‍ഡ് അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഇന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം അവാര്‍ഡാണ് കേരളം സ്വന്തമാക്കിയത്. ഉത്തരവാദിത്ത ടൂറിസം രംഗത്ത് കേരളം കാഴ്ച വെച്ച മുന്നേറ്റം പരിഗണിച്ചായിരുന്നു അവാര്‍ഡ്. പുരസ്‌കാരം ലണ്ടനില്‍ വച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏറ്റുവാങ്ങി.

ഉത്തരവാദിത്ത ടൂറിസം രംഗത്തെ തന്നെ ഗോള്‍ഡ് അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഫോര്‍ മാനേജിംഗ് സക്‌സസ് പുരസ്‌കാരത്തിനാണ് കുമരകത്തിന്. കുമരകം ടൂറിസം കേന്ദ്രത്തിനാണ് ഈ അവാര്‍ഡ്. സ്പാനിഷ് ന?ഗരമായ ബാഴ്‌സലോണയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കുമരകം ഈ നേട്ടത്തിന് അര്‍ഹമായത്.

ലോക ടൂറിസം മേളകളിലെ ഏറ്റവും പ്രധാനമായി കണക്കാക്കുന്നതാണ് വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ്. ഈ രണ്ട് പുരസ്‌കാരങ്ങള്‍ക്ക് പുറമെ മികച്ച പ്രാദേശിക, നഗര പ്രദേശങ്ങളുടെ ലൈവ് ഇന്‍സ്പയേര്‍ഡ് പുരസ്‌കാരത്തിനുള്ള പട്ടികയുടെ ഫൈനല്‍ റൗണ്ടിലെത്താനും കേരളത്തിന് സാധിച്ചു. 

പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒപ്പം ടൂറിസം സെക്രട്ടറി റാണി ജോര്‍ജും ലണ്ടനിലെത്തിയിരുന്നു. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക്് കിട്ടിയ അംഗീകാരമാണെന്ന് മന്ത്രി പ്രതികരിച്ചു. ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് കേരളത്തെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രളയത്തെ തുടര്‍ന്ന് ടൂറിസമടക്കമുള്ള മേഖലകള്‍ പ്രതിസന്ധികള്‍ മറികടന്ന് അതിജീവന പാതയിലാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന് പ്രചോദനമാകുന്നതാണ് അന്താരാഷ്ട്രതലത്തിലെ ഈ അംഗീകാരം.