ഷംസീറും സ്വരാജും ഒഴിയും; 40ല്‍ അധികം നേതാക്കള്‍ പുറത്താകും: പ്രായപരിധി 37 വയസ്സാക്കാന്‍ ഡിവൈഎഫ്‌ഐ

സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധി 37 വയസ്സാക്കാന്‍ ഡിവൈഎഫ്‌ഐ തീരുമാനം. ഇതോടെ നിലവിലെ സംസ്ഥാന സമിതിയില്‍നിന്നു 40ല്‍ അധികം പേര്‍ പുറത്താകും
ഷംസീറും സ്വരാജും ഒഴിയും; 40ല്‍ അധികം നേതാക്കള്‍ പുറത്താകും: പ്രായപരിധി 37 വയസ്സാക്കാന്‍ ഡിവൈഎഫ്‌ഐ

കോഴിക്കോട്: സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധി 37 വയസ്സാക്കാന്‍ ഡിവൈഎഫ്‌ഐ തീരുമാനം. ഇതോടെ നിലവിലെ സംസ്ഥാന സമിതിയില്‍നിന്നു 40ല്‍ അധികം പേര്‍ പുറത്താകും. 11നു കോഴിക്കോട്ടു തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തില്‍ നിലവിലെ പ്രസിഡന്റ് എ.എന്‍.ഷംസീറും സെക്രട്ടറി എം.സ്വരാജും ട്രഷറര്‍ പി.ബിജുവും സ്ഥാനമൊഴിഞ്ഞേക്കും. നേതൃത്വത്തിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന എ.എ.റഹീം, നിതിന്‍ കണിച്ചേരി, വി.പി.റെജീന എന്നിവരുടെ സാധ്യത പ്രായപരിധി കര്‍ശനമാക്കിയാല്‍ മങ്ങും.
 
എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ്, മുന്‍ സംസ്ഥാന സെക്രട്ടറി എം.വിജിന്‍, ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡന്റ് എസ്.കെ.സജീഷ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ.സനോജ് എന്നിവരിലാരെങ്കിലും ഈ സ്ഥാനങ്ങളിലെത്താനാണു സാധ്യത. 37 എന്ന പ്രായപരിധി ജില്ലാ കമ്മിറ്റികളിലും ബ്ലോക്ക് കമ്മിറ്റികളിലും ഈ വര്‍ഷം മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു സംസ്ഥാന കമ്മിറ്റിയിലെയും മാറ്റം. 40 വയസ്സുള്ളവര്‍ വരെ നേതൃത്വത്തില്‍ എത്തുന്നതായിരുന്നു പതിവ്. 

പൊതുസമ്മേളന വേദിയായ കടപ്പുറത്തു 11നു വൈകിട്ട് 6ന് പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം 12, 13, 14 തീയതികളില്‍ ടഗോര്‍ ഹാളില്‍. 5 ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികളും 136 വനിതകളും ഉള്‍പ്പെടെ 623 പ്രതിനിധികള്‍ പങ്കെടുക്കും. 14നു വൈകിട്ട് 4ന് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന യുവജന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com