ആത്മഹത്യ ചെയ്യുമെന്ന് എഴുതിവെച്ച് ഭാര്യ കാമുകനെ വിവാഹം കഴിച്ചു; ആത്മഹത്യ കുറിപ്പ് വായിച്ച ഭര്‍ത്താവ് തൂങ്ങിമരിച്ചു

താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും അതില്‍ ആര്‍ക്കും പങ്കില്ലെന്നും എഴുതിവച്ചശേഷമാണ് തന്‍സി വീടുവിട്ടത്. പിറ്റേന്ന് ഉച്ചയോടെയാണ് സാദിഖിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്
ആത്മഹത്യ ചെയ്യുമെന്ന് എഴുതിവെച്ച് ഭാര്യ കാമുകനെ വിവാഹം കഴിച്ചു; ആത്മഹത്യ കുറിപ്പ് വായിച്ച ഭര്‍ത്താവ് തൂങ്ങിമരിച്ചു

കോട്ടയം; ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് ഭാര്യ വീടു വിട്ടിറങ്ങി കാമുകനൊപ്പം പോയി. ഭാര്യ ആത്മഹത്യ ചെയ്യുമോ എന്ന് ഭയന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കോട്ടയം കാഞ്ഞിരപ്പിള്ളിയിലാണ് സംഭവമുണ്ടായത്. പേട്ട സ്‌കൂളിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ സാദിഖ് (32) ആണ് ഭാര്യ ആത്മഹത്യ ചെയ്യുമോ എന്ന് പേടിച്ച് തൂങ്ങിമരിച്ചത്. എന്നാല്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് ഒരാഴ്ചക്കുള്ളില്‍ ഭാര്യ തന്‍സി(20) കാമുകനെ വിവാഹം ചെയ്യുകയായിരുന്നു. 

മണിമല പഴയിടം പുലയാര്‍കുന്നേല്‍ അജയകുമാറിനെയാണ് (26) തന്‍സി വിവാഹം കഴിച്ചത്. വിവാഹിതരായ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 31നാണ് സാദിഖിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് തലേന്ന് സാദിഖിനോട് പിണങ്ങി തന്‍സി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും അതില്‍ ആര്‍ക്കും പങ്കില്ലെന്നും എഴുതിവച്ചശേഷമാണ് തന്‍സി വീടുവിട്ടത്. പിറ്റേന്ന് ഉച്ചയോടെയാണ് സാദിഖിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ ആത്മഹത്യ ചെയ്യുമോയെന്ന് ഭയന്നാണ് സാദിഖ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഒന്നരവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. 

ഭര്‍ത്താവ് മരിച്ചിട്ടും തന്‍സി തിരിച്ചെത്താതിരുന്നതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  വിവാഹ വാര്‍ത്ത പുറത്തറിയുന്നത്.  ഇരുവരും വെള്ളിയാഴ്ച ചേര്‍ത്തലയിലുള്ളതായി അറിഞ്ഞ പോലീസ് ചേര്‍ത്തല പോലീസിനെ വിവരം അറിയിച്ചു. ചേര്‍ത്തല പോലീസ് എത്തിയപ്പോഴേക്കും തന്‍സിയും അജയകുമാറും തമ്മിലുള്ള വിവാഹം ചേര്‍ത്തലയ്ക്ക് സമീപമുള്ള ക്ഷേത്രത്തില്‍ നടന്നുകഴിഞ്ഞിരുന്നു. ഇരുവരെയും കസ്റ്റഡിയിലെടുത്ത ചേര്‍ത്തല പോലീസ് കാഞ്ഞിരപ്പള്ളി പോലീസിന് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com